എഫ്.സി.ഐ  ഗോഡൗണിൽ  നിന്ന് ലോഡ് നേരിട്ട്  റേഷൻകടയിലേക്ക്,  സപ്ളൈകോ  ഗോഡൗൺ  വേണ്ട,​   അരികടത്തും  തട്ടിപ്പും  കുറയും

Monday 24 June 2024 12:46 AM IST

തിരുവനന്തപുരം: റേഷൻ കടകളിലേക്ക് സാധനങ്ങൾ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു നേരിട്ട് എത്തിക്കാൻ കേന്ദ്ര സർക്കാ‌‌ർ തീരുമാനം. നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരിയും ഗോതമ്പും സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് റേഷൻ കടകളിൽ എത്തിക്കുന്നത്.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.ഇക്കാര്യം കേന്ദ്രഭക്ഷ്യവകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നു പ്രദേശത്തെ റേഷൻ കടകളിലേക്കുള്ള ദൂരം ഉൾപ്പെടെ അറിയിക്കാൻ കേന്ദ്രം നിർദേശിച്ചു.

റേഷൻ വിതരണത്തിലെ ക്രമക്കേട് ഒരു പരിധിവരെ തടയാൻ കഴിയുമെന്നാണ് കരുതുന്നത്. ഗോഡൗണുകൾ കേന്ദ്രീകരിച്ച് അരി കടത്തും വെട്ടിപ്പും നടക്കുന്നതായി വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗോഡൗണുകളിൽ ഭക്ഷ്യധാന്യം ശരിയായി പരിപാലിക്കാത്തതിനാൽ നശിക്കാറുമുണ്ട്. ഈ പ്രശ്നത്തിനെല്ലാം പരിഹാരമാകും.

സംസ്ഥാനത്തെ സർക്കാർ ഗോഡൗണുകളിൽ നിന്ന് കടത്തുന്ന ടൺകണക്കിന് റേഷൻ അരി സ്വകാര്യ ഗോഡൗണുകളിൽ എത്തിക്കുന്നതിന് മുമ്പുതന്നെ സർക്കാർ മുദ്ര‌യുള്ള ചാക്ക് മാറ്റി പുതിയതിൽ നിറയ്ക്കുന്നതിന് ചില കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം,​ ആലപ്പുഴ,​വയനാട് ജില്ലകളിലെ അരികടത്ത് അന്വേഷിച്ച പൊലീസാണ് ഇതു കണ്ടെത്തിയത്. സ്വകാര്യ ഗോഡൗണുകളിൽ എത്തിച്ചശേഷമാണ് പൊതുവിപണിയിൽ വിൽക്കുന്നത്. ചില രാഷ്‌ട്രീയ നേതാക്കളുമായും സിവിൽ സപ്ളൈസിലെ ഉദ്യോഗസ്ഥരുമായും അടുപ്പമുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരെന്നും കണ്ടെത്തിയിരുന്നു.

ഡിപ്പോ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുന്നതിനപ്പുറം പൊലീസ് അന്വേഷണത്തിന് സിവിൽ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും ശുപാർശ ചെയ്യാറില്ല.

തൊഴിൽ നഷ്ടം

പരിഷ്കാരം നടപ്പിലായാൽ ഗോഡൗണുകളിലെ കയറ്റിയിറക്ക് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും.182 ഗോഡൗണുകളിലായി 4100 തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്

`നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. ഏകപക്ഷീയമായി നടപ്പിലാക്കില്ല'

-ജി.ആർ.അനിൽ,

സിവിൽ സപ്ലൈസ് മന്ത്രി

Advertisement
Advertisement