കാട്ടാന കണക്കെടുപ്പ്: റിപ്പോർട്ട് വൈകുന്നു

Monday 24 June 2024 2:24 AM IST

തിരുവനന്തപുരം: കാട്ടാനയുടെ കണക്കെടുപ്പ് പൂർത്തിയായെങ്കിലും എണ്ണം തിട്ടപ്പെടുത്തുന്നതിൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനാവാതെ വനംവകുപ്പ്. കേരളത്തിലും തമിഴ്നാട്ടിലും നടപടികൾ പൂർത്തിയായെങ്കിലും കർണാടക, ആന്ധ്ര പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ നടപടികൾ പാതിവഴിയിൽ നിൽക്കുന്നതായി സംസ്ഥാന വനംവകുപ്പ് അധികൃതർ പറയുന്നു.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മേയ് 23 മുതൽ 25 വരെയായിരുന്നു കണക്കെടുപ്പ് . ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, മെത്തേഡ്, വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പൺ ഏരിയ കൗണ്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രീതിയിലായിരുന്നു കണക്കെടുപ്പ്. ആനകൾ അതിർത്തി കടന്നും സഞ്ചരിക്കുന്നതിനാൽ ഒന്നിച്ചുള്ള കണക്കെടുപ്പിലേ ശരിയായ വിവരങ്ങൾ ക്രോഡീകരിക്കാനാകൂ. കേരളത്തിലും തമിഴ്നാട്ടിലും ഒരേ സമയത്ത് എണ്ണമെടുക്കൽ നടന്നെങ്കിലും കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ നടപടികൾ വൈകി. ആന്ധ്രാപ്രദേശിലെ നടപടികൾ ആരംഭിച്ചിട്ടില്ല.

കേരളത്തിൽ കണക്കെടുക്കുന്ന പ്രദേശങ്ങൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങൾ കൂടിച്ചേർന്നതായതിനാൽ ആനയുടെ എണ്ണമെടുപ്പിനെയും ബാധിച്ചിട്ടുണ്ട്. കേരളത്തിലും കർണാടകയിലും മഴ സുലഭമായതിനാൽ ആനകൾ കൂടുതലും ഈ ഭാഗത്തായിരിക്കും. തമിഴ്നാട്ടിലും ആന്ധ്രയിലും കുറവായിരിക്കും. നാല് സംസ്ഥാനങ്ങളിലെയും നടപടികൾ ഒരേ സമയത്ത് നടക്കാത്തത് കൃത്യമായ കണക്കെടുപ്പിൽ പ്രതിസന്ധിയുണ്ടാക്കും..

കേരളത്തിൽ

2000 എണ്ണം

കേരളത്തിൽ രണ്ടായിരത്തോളം കാട്ടാനകളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2023ലെ കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Advertisement
Advertisement