റൊമാനിയയ്ക്ക് രണ്ടടി കൊടുത്ത് ബൽജിയത്തിന്റെ തിരിച്ചുവരവ്

Monday 24 June 2024 3:06 AM IST

കൊളോൺ: യൂറോ ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ റൊമാനിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴട

ക്കി ബൽജിയം നോക്കൗട്ട് പ്രതീക്ഷകൾ നിലനിറുത്തി. ടൈലെമെൻസും ക്യാപ്ടൻ കെവിൻ ഡി ബ്രുയിനെയുമാണ് ബൽഡിയത്തിനായി സ്കോർ ചെയ്തത്. ഗോളടിച്ചും അടിപ്പിച്ചും മുന്നിൽ നിന്ന് നയിച്ച ക്യാപ്ടടൻ കെവിൻ ഡി ബ്രുയിനെയാണ് ബൽജിയത്തിന്റെ വിജയശില്പി.

ഡിബ്രുയിനെയുടെ ത്രൂപാസിൽ ലുകാകു റൊമാനിയൻ വലകുലുക്കിയെങ്കിലും ഓഫ് സൈഡായിരുന്നു. യുക്രെയിനെതിരെ പുറത്തെടുത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും പലതവണ പ്രത്യേകിച്ച് രണ്ടാം പകുതിയിൽ റൊമാനിയ ബൽജിയൻ ഗോൾ മുഖത്തേക്ക് പന്തുമായെത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ അവർക്ക് പാരയായി. മറുവശത്ത് ബൽജിയൻ മുന്നേറ്റങ്ങൾക്ക് മുന്നിൽ റൊമാനിയൻ ഗോളി ഫ്ലോറിൻ നിറ്റ പലതവണ വിലങ്ങുതടിയായി.

ഗോൾ ഗോൾ...

2-ാം മിനിട്ട്

രണ്ടാം മിനിട്ടിൽ തന്നെ ടൈലെമാൻസ് ബൽജിയത്തിന് ലീഡ് സമ്മാനിച്ചു. പന്തുമായി റൊമാനിയൻ ബോക്സിനകത്തേക്ക് കടന്ന റൊമേലു ലുകാകു നൽകിയ മൈനസ് പാസ് കരുത്തുറ്റ ഷോട്ടിലൂടെ ടൈലെമൻസ് വലയ്‌ക്കകത്താക്കി. ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് കളത്തിന് പുറത്തായിരുന്ന ടൈലെമാൻസിന് തിരിച്ചുവരവ് ഗംഭിര ഗോളിലൂടെ തന്നെ ആഘോഷിക്കാനായി.

80-ാംമിനിട്ട്

ബൽജിയൻ ഗോൾ കീപ്പർ കാസ്റ്റീൽസിന്റെ ലോംഗ് കിക്കിൽ നിന്നാണ് ഡിബ്രുയിനെ സ്കോർ ചെയ്തത്. തടയാനെത്തിയ റൊമാനിയൻ ഡിഫൻഡർ ഡ്രാുസിനെയും അഡ്വാൻസ് ചെയ്ത ഗോളി നിറ്റയേയും നിഷ്പ്രഭരാക്കി ഡിബ്രുയിനെ നിലംപറ്റെയുള്ള വലൻ കാലൻ ഷോട്ടിലൂടെ ബൽജിയത്തിന്റെ ജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.

ഒപ്പത്തിനൊപ്പം

ഗ്രൂപ്പ് ഇയിൽ എല്ലാടീമും 2 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ എല്ലാടീമിനും 3 പോയിന്റ് വീതമാണുള്ളത്. ബൽജിയത്തിനെതിരെ തോറ്റെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള റൊമാനിയയാണ് ഒന്നാമത്. ബൽജിയൻ രണ്ടാമതും സ്ലൊവാക്യ മൂന്നാമതും യുക്രെയിൻ നാലാമതുമാണ്. അവസാന റൗണ്ട് മത്സരം എല്ലാ ടീമുകൾക്കും നിർണായകമാണ്.