തിരുവനന്തപുരത്ത് ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

Monday 24 June 2024 7:03 AM IST

തിരുവനന്തപുരം: ഇന്ധനവുമായി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. തിരുവനന്തപുരം കിളിമാനൂരിന് സമീപം തട്ടത്തുമലയിലാണ് അപകടം. ഇന്ന് പുലർച്ചെ 2.30ഓടെ നിയന്ത്രണം വിട്ട ടാങ്കർ അടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. കോട്ടയത്ത് നിന്നും 16-ാം മൈലിലെ ഭാരത് പെട്രോളിയം പമ്പിലേക്ക് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.

രാത്രിയിൽ ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം നഷ്‌ടമായ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. തോട്ടിലെ വെള്ളത്തിൽ ഇന്ധനം കലർന്നിട്ടുണ്ടെന്നാണ് സൂചന. ലോറി ഡ്രൈവറെയും ക്ളീനറെയും പുറത്തെടുത്തു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ഫോഴ്‌സും പൊലീസുമടക്കം സ്ഥലത്തെത്തി ലോറി ഉയർത്താൻ ശ്രമിക്കുകയാണ്.

അതേസമയം എറണാകുളം കുണ്ടന്നൂരിനടുത്ത് മാടവന ജംഗ്‌ഷനിൽ സ്വകാര്യ ദീർഘദൂര ബസ് സിഗ്നൽ തെറ്റിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് ബൈ‌ക്ക് യാത്രികനായ ഒരു യുവാവ് മരിച്ചിരുന്നു. എറണാകുളം ജയലക്ഷ്മി സിൽക്സിൽ അക്കൗണ്ടന്റായ ഇടുക്കി വാഗമൺ കൊട്ടമല മണിയാമ്പറമ്പിൽ വീട്ടിൽ ജിജോ സെബാസ്റ്റ്യനാണ്(33) മറിഞ്ഞ കല്ലട ബസിന്റെ അടിയിൽപെട്ട് മരിച്ചത്. ജിജോയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോ‌ർട്ടത്തിന് ശേഷം വാഗമണ്ണിലേക്ക് കൊണ്ടുപോകും.

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കല്ലട ട്രാൻസ്‌പോർട്ടിന്റെ ബസാണ് ഇന്നലെ രാവിലെ പത്തിന് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തമിഴ്നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിയെ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കും 11 ബസ് യാത്രികർക്കും അപകടത്തിൽ നിസാര പരിക്കേറ്റു. ഇവരെല്ലാം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോട്ടോർവാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആകെ 34പേരാണ് ബസിൽ ഉണ്ടായിരുന്നത്.

Advertisement
Advertisement