വയനാട്ടിൽ പിടിയിലായ കടുവയുടെ രണ്ട് പല്ലുകൾ തകർന്ന നിലയിൽ, കുടുങ്ങിയത് പശുക്കളെ കൊന്ന കൂട്ടിലെത്തിയപ്പോൾ

Monday 24 June 2024 8:43 AM IST

വയനാട്: കേണിച്ചിറയിൽ ദിവസങ്ങളായി പ്രദേശവാസികൾക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരുന്ന കടുവയുടെ ആരോഗ്യവിവരം പുറത്ത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയിലെ കെണിയിൽ കഴിഞ്ഞദിവസം രാത്രിയിൽ കുടുങ്ങിയത്. കടുവയുടെ താഴത്തെനിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. ആരോഗ്യപ്രശ്‌നമുള്ളതിനാൽ ഇപ്പോൾ കാട്ടിലേക്ക് തുറന്നുവിടില്ല. നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലുള്ള കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിച്ചേക്കാം.


ഇന്ന് കടുവയുടെ വിശദമായ ആരോഗ്യ പരിശോധന നടക്കും. കേണിച്ചിറയിൽ ഒറ്റ രാത്രിയിൽ മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. പശുക്കളെ കൊന്ന തൊഴുത്തിൽ ഞായറാഴ്‌ച വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. രാത്രി 11 മണിയോടെയായിരുന്നു ഇത്.

കേണിച്ചിറയിൽ കിഴക്കേൽ സാബുവിന്റെ പശുവിനെ കൊലപ്പെടുത്തിയത് ശനിയാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെ പുലർച്ചെയോടെയും കൊന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് എടക്കാട് മാന്തടം തെക്കേ പുന്നപ്പിള്ളി വർഗീസിന്റെ മൂന്ന് വയസ് പ്രായമുള്ള കറവപ്പശുവിനെ കടുവ ആക്രമിച്ചത്. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിരുന്നില്ല.

കന്നുകാലികൾ വ്യാപകമായി ചത്തതോടെ കഴിഞ്ഞദിവസം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും കൊണ്ട് റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. സുൽത്താൻ ബത്തേരി പനമരം റോഡ് ആണ് ഉപരോധിച്ചത്. ഇതിനിടെയാണ് ഇന്നലെ രാത്രി കടുവ കെണിയിൽ വീണത്.

Advertisement
Advertisement