'ഏഴ് മാസമായി ശമ്പളമില്ല, ഭക്ഷണത്തിന് പോലും നിവൃത്തിയില്ല', മുഖ്യമന്ത്രിയെ അഭിനന്ദിച്ച പൊലീസുകാരന്റെ ഇപ്പോഴത്തെ അവസ്ഥ

Monday 24 June 2024 9:59 AM IST

പത്തനംതിട്ട: സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനോട് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ശമ്പളമില്ലാത്തതിനാൽ നിവൃത്തിയില്ലെന്ന് മറുപടി. ആറന്മുള സ്റ്റേഷനിലെ സിപിഒയും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ യു ഉമേഷാണ് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിക്ക് മറുപടി നൽകിയത്. മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനാണ് ഇയാൾ സസ്‌പെൻഷനിലായത്.

'സർ, ഏഴ് മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്‌ക്ക് നിവൃത്തിയില്ലാത്തതിനാൽ വരാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവം ബോധിപ്പിച്ചുകൊള്ളുന്നു' എന്നാണ് നോട്ടീസിൽ തന്നെ മറുപടിയായി എഴുതി നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രവും ഉമേഷ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പറഞ്ഞത് സത്യമാണ്, നിവൃത്തിയില്ലാത്തതിനാൽ തന്നെയാണ്. അതിനെ പരിഹാസമായി കാണേണ്ടതില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

അങ്കമാലിയിൽ ഗുണ്ടാവിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പിയെയും കൂട്ടിന് പോയ മൂന്ന് പൊലീസുകാരെയും പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

ഉമേഷിന്റെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഉമേഷ്. യു എന്ന പോലീസുകാരൻ നിരന്തരമായ ദുർനടപ്പുകാരൻ എന്ന് കണ്ടെത്തി ആയതിന് OE നടത്തി റിപ്പോർട്ടു കൊടുക്കാൻ പത്തനം തിട്ട എസ്.പി. ചുമതലപ്പെടുത്തിയിരിക്കുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്. പി.യെ.

ഇന്നലെ പ്രത്യേക ദുതൻ വഴി കോഴിക്കോട്ടേക്ക് കൊടുത്തയച്ച നോട്ടീസാണ് ഇത്. ( ദൂതന്റെ രണ്ട് ദിവസത്തെ ശമ്പളം + ,TA മാത്രം സർക്കാരിന് ആറായിരം രൂപയിലധികം ചെലവാണ്. )

മറുപടിയും നോട്ടീസിൽ തന്നെ എഴുതിക്കൊടുത്തു. പറഞ്ഞത് സത്യം മാത്രമാണ്. നിവൃത്തിയില്ലാത്തതിനാൽ തന്നെ ആണ്.

പരിഹാസമായി കാണേണ്ടതില്ല.

" 7 മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാൽ ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവ്വം ബോധിപ്പിച്ചു കൊള്ളുന്നു"