''അവരാണ് പാർട്ടിയെ ഈ നിലയിൽ എത്തിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു'' , വ്യവസായിയുടെ കുറിപ്പ്

Monday 24 June 2024 11:04 AM IST

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് എൽ‌ഡിഎഫിന് നേരിടേണ്ടി വന്നത്. സിപിഎമ്മിന് പ്രത്യേകിച്ച് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ പോലും വോട്ടുകൾ കിട്ടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം പാർട്ടിക്ക് വേണ്ടവിധത്തിൽ മനസിലാക്കാനായില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും മാദ്ധ്യമങ്ങളുടെയും നിലപാട് ജനങ്ങളിൽ സ്വാധീനം ചെലുത്തി. ബിജെപിയുടെ കേരളത്തിലെ വളർച്ച വെല്ലുവിളിയായി. പാർട്ടിക്കേറ്റ തിരിച്ചടി ഗൗരവമായി പരിശോധിച്ച് ബൂത്തുതല പരിശോധന നടത്തി വേണ്ട തിരുത്തൽ വരുത്തുമെന്നും വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിക്കുകയുണ്ടായി.

പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം എന്താണെന്നതിനെ പറ്റി വിവിധ മേഖലകളിൽ നിന്ന് വിലയിരുത്തലുകൾ വരുന്നുണ്ട്. വ്യവസായിയും എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായ ജോളി ജോസഫ് കുറിച്ച വാക്കുകളും ഇതിൽ ശ്രദ്ധനേടുകയാണ്. ‘ തിരുത്തും തിരിച്ചുവരും ' എന്നതിനേക്കാൾ 'അടിയന്തിരമായി തിരുത്തണം തിരിച്ചുവരണം , രക്ഷിക്കണം രക്ഷപെടുത്തണം ' എന്നാണ് പാർട്ടിയെ ഇപ്പോഴും വിശ്വസിക്കുന്ന ' മിണ്ടാ പ്രാണികളും ' സ്നേഹിക്കുന്ന സാധാരണക്കാരും ഉള്ളാലെ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എഴുതുന്നു.

എഴുത്തിന്റെ പൂർണരൂപം-

''ഏതൊരു തിരഞ്ഞെടുപ്പിലും ജയവും തോൽവിയും സ്വഭാവികം, എന്നാൽ കാലിൻചുവട്ടിലെ മണ്ണ് ഒലിച്ചുപോയി തോൽക്കുമ്പോഴാണ് പാർട്ടിയെ ഇഷ്ടപ്പെടുന്നവരുടെ ഉള്ളിൽ നീറ്റലുണ്ടാകുക . ന്യായികരിക്കാതെ സത്യസന്ധമായി ' നന്നായി തോറ്റു ' എന്ന് ആദ്യമായി ഗോവിന്ദൻ മാഷ് പറഞ്ഞത് ചങ്കിൽ തട്ടിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ' തിരുത്തും തിരിച്ചുവരും ' എന്ന മാഷിന്റെ ഉറപ്പ് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണെന്നും വിശ്വസിക്കാനാണ് എനിക്കേറെയിഷ്ടം ...!

സാധാരണക്കാരിൽ സാധാരണക്കാരായ ആശയറ്റ ചിറകറ്റ ആളുകളുടെ ഭാഷ മറന്നുപോയ, അച്ചടിഭാഷയിൽ ചതുരവടിവിൽ എല്ലായിടത്തും സംസാരിക്കുന്ന പ്രസംഗിക്കുന്ന വിവരക്കൂടുതലുള്ള ന്യായികരണ മുതലാളിമാരും , എന്തിനും ഏതിനും ഉച്ചത്തിൽ വെല്ലുവിളിക്കുന്ന, പാർട്ടിയേക്കാൾ വലുതായി എന്ന് സ്വയം വിശ്വസിക്കുന്ന ഒരുപറ്റം സുഖപ്രീണരായ ആളുകളാണ് പാർട്ടിയെ ഈ നിലയിൽ എത്തിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു . ‘ തിരുത്തും തിരിച്ചുവരും ' എന്നതിനേക്കാൾ 'അടിയന്തിരമായി തിരുത്തണം തിരിച്ചുവരണം , രക്ഷിക്കണം രക്ഷപെടുത്തണം ' എന്നാണ് പാർട്ടിയെ ഇപ്പോഴും വിശ്വസിക്കുന്ന ' മിണ്ടാ പ്രാണികളും ' സ്നേഹിക്കുന്ന സാധാരണക്കാരും ഉള്ളാലെ ആഗ്രഹിക്കുന്നത് എന്നതാണ് പരമസത്യം . ആശയപരമായി വിമർശിക്കുന്നവരെ അടിച്ചിരുത്താതെ പ്രതിപക്ഷ ബഹുമാനത്തോടെ കൂടണം കൂടെയിരിക്കണം, സംവാദിക്കണം.

പാർട്ടിക്കുവേണ്ടി മാത്രം സ്വന്തം ജീവിതവും കുടുംബവും കുട്ടിച്ചോറാക്കി മരിച്ചുപോയ ഒരു പഴയ സഖാവിന്റെ മകനെന്നനിലയിൽ മാത്രമല്ല , കുഞ്ഞുനാൾ മുതൽ പണിയെടുത്ത് തഴമ്പിച്ച കൈകളിൽ ചോര ചെങ്കൊടിയുമായി തൊണ്ട പൊട്ടുമാറ് മുദ്രാവാക്യങ്ങൾ വിളിക്കുകയും മറ്റുള്ളവരെ കൊണ്ട് വിളിപ്പിക്കുകയും, വ്യക്തികളല്ല ജനങ്ങളുടെ പാർട്ടിയാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത ഒരാൾ എന്ന നിലയിലാണ് ഇത്രയും എഴുതിയത്'' .

Advertisement
Advertisement