"കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂ, വധഭീഷണിവരെ ഉണ്ടായി"; വെളിപ്പെടുത്തലുമായി കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജ്

Monday 24 June 2024 11:48 AM IST

ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണെന്ന് പറയാറുണ്ട്. അത്തരത്തിൽ ഒരു കഥയേയോ ആശയത്തെയോ ഒരു കൂട്ടം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് 'കൺസെപ്റ്റ് ഫോട്ടോഗ്രഫി'. മലയാളികളെ സംബന്ധിച്ച് ഇന്ന്‌ ഈ വാക്ക് അന്യമല്ല. എന്നാൽ ഏറെ വെല്ലുവിളി നിറഞ്ഞ ഈ മേഖലയിലേക്ക് തിരിഞ്ഞ അധികം പേർ കേരളത്തിലില്ല.


"ആരൊക്കെയാണ് കേരളത്തിലെ ഏറ്റവും മികച്ച കൺസെപ്റ്റ് ഫോട്ടോഗ്രാഫർമാർ" എന്ന് ഗൂഗിളിൽ തിരയുമ്പോൾ ആദ്യം വരുന്ന പേരുകളിൽ ഒന്ന് തിരുവനന്തപുരം സ്വദേശി അരുൺ രാജ് ആർ നായരുടേതാണ്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്നുകാട്ടുന്നത്.

നടിയെ ആക്രമിച്ച സംഭവമടക്കം നിരവധി സമകാലിക വിഷയങ്ങൾ അരുൺ ചിത്രങ്ങളാക്കി. അതിൽ മിക്കതും സോഷ്യൽ മീഡിയയിൽ വൈറലാകുകയവും ചെയ്‌തിട്ടുണ്ട്. അടുത്ത വിഷയം അവയവക്കടത്താണെന്ന് കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അരുൺ.

അടുത്ത വിഷയം അവയവക്കടത്ത്

അധികമാർക്കുമറിയാത്ത ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞുകിടക്കുന്ന സംഭവമാണ് അവയവക്കടത്ത്. ചേട്ടാ എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റയിൽ ഒരു പെൺകുട്ടിയുടെ മെസേജ് വന്നിരുന്നു. എന്നെയൊന്ന് വിളിക്കുമോയെന്ന് ചോദിച്ച് ആ പെൺകുട്ടി നമ്പറും അയച്ചുതന്നു.

ഞാൻ ചെയ്യുന്ന കൺസെപ്‌റ്റെല്ലാം ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ്. കുറേ ആളുകൾ വിളിച്ച് ഇങ്ങനെ പറയാറുണ്ട്. പക്ഷേ ഈ പെൺകുട്ടി പേടിച്ചിട്ട് പറയുന്നതുപോലെ തോന്നി. ഞാൻ അപ്പോൾ തന്നെ വിളിച്ചു.

ആ പെൺകുട്ടി ബംഗളൂരുവിൽ ഉള്ളതാണ്. അസുഖം വന്ന് അവിടത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. ഈ സമയം അവിടെ ഒരു നാടോടി കുട്ടിയേയും കൊണ്ട് ഒരാൾ വരുന്നു. ആ കുട്ടിയ്ക്ക് സർജറി വേണമെന്ന് ഡോക്ടർമാർ വാശിപിടിക്കുന്നു. കുട്ടിയുടെ കൂടെയുള്ളയാളുടെ കൈയിൽ ചില്ലറ പൈസയൊക്കെയേ ഉള്ളൂ. ഇമോഷണലായ സീൻ അവിടെ ക്രീയേറ്റ് ചെയ്യപ്പെടുകയാണ്.

സർജറി ഉണ്ടെങ്കിലേ കുട്ടി രക്ഷപ്പെടുകയുള്ളൂവെന്ന് ഡോക്ടർമാർ പറഞ്ഞു. ഒന്നോ രണ്ടോ ലക്ഷവും വേണം. ഞാൻ സംസാരിച്ച ഈ പെൺകുട്ടി മെഡിക്കൽ റിലേറ്റഡ് ആയ ആളാണ്. ആശുപത്രിയിൽ പോകുമ്പോൾ കൂടെ ഒരു പയ്യനുമുണ്ടായിരുന്നു. നമുക്ക് സഹായിക്കാമെന്ന് ആ പെൺകുട്ടി പറഞ്ഞെങ്കിലും ഈ പയ്യൻ പെൺകുട്ടിയുടെ മനസ് മാറ്റാൻ ശ്രമിക്കുകയാണ്.

അവസാനം നാടോടി കുട്ടിയെ വേറെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ കുട്ടിയെ ഇവിടുന്ന് മാറ്റിയാൽ അപ്പോൾ തന്നെ മരിക്കുമെന്നായി ആശുപത്രി അധികൃതർ. ഒരു ആംബുലൻസ് പോലും വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. അവസാനം പുറത്തുനിന്നൊരു ആംബുലൻസ് വിളിച്ചു. ഡ്രൈവർ വലിയൊരു തുക വാങ്ങിച്ചു. സർക്കാർ ആശുപത്രിയിലാണ് അവർ നാടോടി കുട്ടിയെ കൊണ്ടുപോയത്. ഫിക്സിന്റെ പ്രശ്നമായിരുന്നു, വേറെ ഒരു കുഴപ്പവുമില്ല. ഒരു മണിക്കൂറിനുള്ളിൽ റിക്കവർ ആകുകയും ചെയ്തു.


സ്വകാര്യ ആശുപത്രിക്കാർ സർജറി ചെയ്‌താലേ രക്ഷപ്പെടുകയുള്ളൂവെന്ന് പറഞ്ഞതാണ് അവിടത്തെ പ്രശ്നം. സർജറിക്ക് കയറ്റിയ ശേഷം ഈ കുട്ടി രക്ഷപ്പെടുമെന്ന് ഉറപ്പില്ല. ഞാൻ ഇതിനെപ്പറ്റിയൊന്ന് അന്വേഷിച്ചു, കേരളത്തിലെവിടെയെങ്കിലും ഇങ്ങനത്തെ കാര്യം ചെയ്യുന്നുണ്ടോയെന്ന്. ഡോക്ടർമാരെയും പിജി വിദ്യാർത്ഥികളെയുമൊക്കെ എനിക്കറിയാം. ആരും നെഗറ്റീവ് ഒന്നും പറഞ്ഞില്ല. ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്ന് കരുതി ആ കേസ് വിട്ടു.

എന്നാൽ ബംഗളൂരുവിൽ വേറൊരു ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ഇതേപോലൊരു കാര്യം പറഞ്ഞ് എന്നെ കോൺടാക്ട് ചെയ്തു. ഇതോടെ ഞാൻ ഇതിനെപ്പറ്റിയൊന്ന് അന്വേഷിച്ചുതുടങ്ങി. എനിക്ക് മനസിലായ ഒരു കാര്യമാണ് ഞാൻ പറയുന്നത്. ഞാനോ എന്റെ അച്ഛനോ അമ്മയോ ഒക്കെ ആശുപത്രിയിൽ കിടക്കുന്നുണ്ടെങ്കിൽ എന്റെ വസ്ത്രം, ജാതി, ഐഡന്റിറ്റി, ഞാൻ വരുന്ന കാർ ഇതെല്ലാം അവർ നോക്കും. ഒരു തെരുവിൽ നിൽക്കുന്ന കുട്ടിയാണ് അവിടെ വരുന്നതെങ്കിൽ, സർജറിയിൽ ആ കുട്ടി മരിച്ചാൽ ആര് ചോദിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്തവർക്ക്, ആശുപത്രിയിൽ കയറുമ്പോൾ അവരുടെ അവയവം അവിടെയുണ്ടെന്ന് എന്താ ഉറപ്പ്.


തെരുവ് കുട്ടികളെ കാണാതെ പോയാൽ പരാതി കൊടുത്താലും അന്വേഷിക്കാൻ ആൾക്കാർ ഇല്ല. ഇതേപോലെയാണ് ആശുപത്രിയിലെ അവസ്ഥയും. കുട്ടികളെ ഉണ്ടാക്കി വിൽക്കുന്ന നാടോടികളുമുണ്ട്. കാശിന് വേണ്ടി എന്തും ചെയ്യും. അവയവക്കടത്തിൽ ഒത്തിരി പേരുണ്ട്. അവർ ലക്ഷ്യവയ്ക്കുന്നത് ആഹാരത്തിന് പോലും ഗതിയില്ലാത്തവരെയാണ്.

അവയവക്കടത്ത് കേസിൽ പ്രധാന കണ്ണിയെന്ന് പറഞ്ഞ് ഒരാളെയേ കിട്ടിയിട്ടുള്ളൂ. അയാൾ ചിലപ്പോൾ അവയവക്കടത്ത് ലോബിയിലുളള പ്രധാനപ്പെട്ട പത്ത് പേരിൽ ഒരാൾ പോലു ആകില്ല. അതേപോലെ കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിങ്ങൾ ഒന്നും ചിന്തിക്കാത്ത ഒരു വശം ഉണ്ട്.

പ്രതികളിലൊരാളായ പെൺകുട്ടി ഒരു യൂട്യൂബറാണ്. നാല് ലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള ആളാണ്. പക്ഷേ അവരുടെ വീഡിയോ നമ്മളാരും കണ്ടിട്ടില്ല. ഈ കുട്ടിയുടെ ടാർഗറ്റിംഗ് ഓഡിയൻസ് പുറം രാജ്യങ്ങളിലാണ്. ഇംഗ്ലീഷ് സംസാരമാണ്. കൂടുതൽ വ്യൂസ് അവിടെനിന്നാണ്. കോൺടാക്ടും അങ്ങനെയുള്ളവരായിരിക്കും. ഈയടുത്ത് അവയവക്കടത്ത് നടന്നത്, പുറം രാജ്യത്തേക്ക് അവയവം കടത്താനായിരുന്നു. ഇതുമായി കണക്ട് ചെയ്ത് ചിന്തിച്ചാൽ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നോക്കിയത് അവയവക്കടത്ത് ലോബിയല്ലെന്ന് പറയാൻ പറ്റുമോ?


ഭീഷണിയുണ്ടായിട്ടുണ്ട്

തീർച്ചയായും ഭീഷണി ഉണ്ടായിട്ടുണ്ട്. ഞാൻ ദിലീപിന്റെ കേസ് കൺസെപ്‌റ്റായി എടുത്തിട്ടുണ്ട്. ദിലീപ് എന്ന് പേരെടുത്ത് തന്നെ പറയും. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് വന്നപ്പോൾ ആദ്യം പ്രതികരിച്ചവരിലൊരാളാണ് ഞാൻ. നടിക്ക് നീതി കിട്ടില്ലെന്ന് എഴുതിവച്ചാണ് ഞാൻ കൺസെപ്റ്റ് ചെയ്തത്. അയാളുടെ കൈയിൽ കാശ് ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ നിൽക്കുന്നത്. നിയമം സ്‌ട്രോംഗ് ആയതുകൊണ്ടല്ല.

ഞാനിത് പറഞ്ഞപ്പോൾ, കൈയുണ്ടെങ്കിലല്ലേ ഫോട്ടോയെടുക്കൂവെന്നൊക്കെ പറഞ്ഞ് ഒരുപാടാളുകൾ വന്നു. മരണഭീഷണി വരെ ഉണ്ടായിട്ടുണ്ട്. തെറ്റായ കാര്യമാണ് ഞാൻ ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റ് ചെയ്യുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ഞാൻ ചെയ്യുന്നത് സമൂഹത്തിന് വേണ്ടിയാണ്. കന്യാസ്ത്രീയെ ആക്രമിച്ച കേസിലും ഞാൻ പ്രതികരിച്ചിട്ടുണ്ട്. അന്ന് കുറേ ടീമുകൾ വന്ന് തെറിയഭിഷേകമായിരുന്നു. മെസേജിലാണ് തെറി വിളിക്കുന്നത്. കമന്റിലാരും തെറി വിളിക്കില്ല. കാരണം എന്റെ ഫോളോവേഴ്സിൽ കൂടുതൽ പേരും വിവരമുള്ളവരാണ്. കമന്റിൽ തെറി വിളിച്ചാൽ ഞാൻ തിരിച്ച് മറുപടി കൊടുക്കേണ്ടി വരില്ല. ഫോളോവേഴ്സ് തന്നെ പണി കൊടുത്തോളും.


വിജയ് ബാബുവിന്റെ വിഷയത്തിലും ഞാൻ പ്രതികരിച്ചിട്ടുണ്ട്. സിനിമയിലേക്ക് ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ആൾക്കാർ വരുന്നു. ആ ഫ്രണ്ട്ഷിപ്പ് ബ്രേക്കാവുമ്പോൾ പരാതി പറയുന്ന സംഭവങ്ങൾ ഇവിടെ നടക്കാറുണ്ട്. ആ പെൺകുട്ടിയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്.

പെൺകുട്ടിയ്ക്ക് കൂടുതൽ നിയമപരിരക്ഷ കിട്ടാൻ കാരണമുണ്ട്. എന്നെയൊരു പെൺകുട്ടി പീഡിപ്പിച്ച്, കേസായാൽ എന്റെ സുഹൃത്തുക്കൾ ചോദിക്കുക, എടാ എങ്ങനെയുണ്ട് സൂപ്പറാണോ എന്നായിരിക്കും. എന്നാൽ ഒരു പെൺകുട്ടി പീഡനത്തിനിരയായൽ അവളോട് ചോദിക്കുന്ന ചോദ്യം ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതായിരിക്കും. ഇതുകൊണ്ടാണ് പെൺകുട്ടിയുടെ ഫോട്ടോ കാണിക്കാത്തതും, വിവരങ്ങൾ പരസ്യപ്പെടുത്താത്തതും. അതുകൊണ്ടാണ് ഞാൻ ആ വിഷയം കൺസെപ്റ്റാക്കിയത്.

കാസ്റ്റിംഗ് കൗച്ച്
പല നടിമാരും പറയാറുണ്ട്, എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ഞാൻ അഡ്‌ജസ്റ്റമെന്റ് ചെയ്യാതെയാണ് സിനിമയിൽ വന്നതെന്നൊക്കെ. ഈ പറയുന്ന പല പെൺകുട്ടികളെയും പേഴ്‌‌സണലി എനിക്കറിയാം. അഭിമുഖത്തിൽ വന്നിരുന്ന് നാടകം കളിക്കുമ്പോൾ പലതും വിളിച്ചുപറയാൻ തോന്നില്ലേ. ഇവരിൽ പലരും അഡ്ജസ്റ്റ്‌മെന്റ് ചെയ്‌ത് സിനിമയിൽ വന്നവരാണ്. എന്നോട്‌ ചോദിച്ചിട്ടുണ്ടെന്ന്‌ പറയുന്ന പല നടിമാരും നിർമാതാവിന്റെയോ, സംവിധായകന്റെയോ ഒന്നും പേര് പറയില്ല. ഇതാണ് ഇവിടത്തെ വേറൊരു വിഷയം.



ആർ ജി വി എന്നൊരാളുണ്ട്. സർട്ടിഫൈഡ് വുമണൈസറാണ് അയാൾ. ഈയിടെ അയാൾ ഒരു പെൺകുട്ടിയെ സിനിമയിൽ കൊണ്ടുവന്നത് ഓർമയുണ്ടോ. എന്റെ കൺസെപ്റ്റ് ഫോട്ടോഗ്രഫി ചാൻസ് ചോദിച്ചയാളാണ് ഈ പെൺകുട്ടി. അസാദ്ധ്യമായ ആക്ടിംഗ് സ്‌കിൽ ഉള്ള പെൺകുട്ടിയാണ്. ആ കുട്ടിയുടെ പഴയ വീഡിയോകൾ എടുത്തുനോക്കിയാൽ മനസിലാകും. ആർ ജി വിയുടെ ഓഫർ വന്ന സമയത്ത് ഈ കുട്ടിയെ ഞാൻ ഫോൺവിളിച്ച് പറഞ്ഞിരുന്നു. അയാൾ ഇങ്ങനെയൊരാളാണെന്നും സമൂഹം മോശമായിട്ടേ കാണൂ എന്നൊക്കെ. എനിക്ക് ഓക്കെയാണെങ്കിൽ മാത്രമേ ചെയ്യുള്ളൂ ചേട്ടാ എന്നാണ് പറഞ്ഞത്. പൈസയാണ് ഏറ്റവും വലുതെന്ന് ചിന്തിക്കുന്ന സിറ്റ്യൂവേഷനാണ് പിന്നെ അവിടെ നടന്നത്. ആ കുട്ടി പോയി. ഇന്നത്തെ അവസ്ഥ എന്താണ്.

ഇന്നത്തെക്കാലത്ത് സിനിമയിലേക്ക് കയറാൻ ഒരു ബുദ്ധിമുട്ടുമില്ല. സിനിമയിൽ പിടിച്ചുനിൽക്കാനാണ് ബുദ്ധിമുട്ട്. ഒരുപാട് പെൺകുട്ടികളുടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളും മറ്റും കേൾക്കുന്ന ഒരാളാണ് ഞാൻ.


ഞാൻ ഫെമിനിസ്റ്റ്

ഞാൻ ഫെമിനിസ്റ്റാണ്. പക്ഷേ ഈ ടോക്സിക് ഫെമിനിസമുണ്ടല്ലോ, ഫെമിനിസ്റ്റാണെന്ന് പറഞ്ഞ് കൊടികുത്തി നടക്കുന്ന ടീം. ഈ ഫെമിനിസ്റ്റ് ചേച്ചിയെ ഫെമിനിസ്റ്റ് സമരത്തിന് കൊണ്ടാക്കാൻ അച്ഛൻ വരണം, വിളിക്കാൻ അനിയൻ വരണം. പുരുഷന്മാർ തൊലയട്ടെ എന്നും പറഞ്ഞ് ചാനൽ ചർച്ച വച്ചാൽ അതിൽ പങ്കെടുക്കാൻ പോയാൽ സ്റ്റുഡിയോയ്‌ക്ക് പുറത്ത് കാത്തിരിക്കാൻ ഭർത്താവ് വേണം. ഇവരൊക്കെ ഓക്കെയാണ്, ബാക്കിയുള്ള പുരുഷന്മാരെല്ലാം വൃത്തികെട്ടവന്മാരാണ്. ഫെമിനിസ്റ്റിന്റെ അർത്ഥം ഇവർക്ക് അറിയില്ല.

ഇൻസ്റ്റയിൽ എന്റെ ഫോളോവറായ പതിനേഴുകാരി ഐ ആം ഫെമിനിസ്റ്റ് എന്നിട്ടിരുന്നു. എന്താണ് ഫെമിനിസം എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്കറിയില്ല ചേട്ടാ, എല്ലാവരും ഇട്ടപ്പോൾ ഞാനും ഇട്ടെന്നായിരുന്നു മറുപടി.

ജോലി

ഞാൻ ടെക്‌നോപാർക്കിലാണ്. അസോസിയേറ്റ് ടീം ലീഡറാണ്. കൺസെപ്‌റ്റ് ഫോട്ടോഗ്രഫിയും അതും കൂടി കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുണ്ട്. ഐടി ഫീൽഡിൽ സപ്പോർട്ട് കിട്ടുകയെന്ന് വച്ചാൽ നല്ല പാടാണ്. ലീവെടുത്ത് ഷൂട്ട് ചെയ്യാനൊക്കെ ഓഫീസിൽ സമ്മതിക്കുന്നുണ്ട്.

Advertisement
Advertisement