ശ്രീപദ്‌മനാഭസ്വാമിയുടെ ഭക്തൻ ബ്രിട്ടീഷ് പാർലമെന്റിലേക്ക്?

Monday 24 June 2024 12:58 PM IST

തിരുവനന്തപുരം: ബ്രിട്ടീഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരനും. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ജൂലായ് നാലിനാണ് വോട്ടെടുപ്പ്. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് 38കാരനായ എറിക് ജനവിധി തേടുന്നത്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്.

ജോണി, അനിത സുകുമാരൻ ദമ്പതികളുടെ ഏകമകനാണ്. അച്ഛന്റെ സ്വദേശം ആറ്റിങ്ങൽ അഞ്ചുതെങ്ങ്. അമ്മയുടേത് ശിവഗിരിക്ക് സമീപം ശ്രീനിവാസപുരം. അച്ഛന് യു.കെയിൽ കോ ഓപ്പറേറ്റീവ് ഫിനാൻസ് മേഖലയിലായിരുന്നു ജോലി. എറിക്ക് ജനിച്ചതും വളർന്നും യു.കെയിൽ. അപ്പൂപ്പനും അമ്മൂമ്മയും ഒപ്പമുണ്ടായിരുന്നതും അവധിക്കാലങ്ങളിൽ നാട്ടിലേക്കുള്ള വരവും മുടക്കാതിരുന്നതിനാൽ മലയാളം നന്നായറിയാം.

യു.കെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി (ഇവിടത്തെ ഐ.എ.എസിന് തുല്യം) സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ.

 ശ്രീപദ്മനാഭ ഭക്തൻ

ശ്രീപദ്മനാഭ സ്വാമിയുടെ ഭക്തനാണ്. കേരളത്തിലെത്തുമ്പോൾ ക്ഷേത്രദർശനം മുടക്കാറില്ല. ഗുരുവായൂരിലും കുടുംബക്ഷേത്രങ്ങളിലും ദർശനം നടത്തും. കോവളവും കേരളത്തിലെ കായലുകളും ഇഷ്ടമാണ്. നെയ്മീൻ പൊള്ളിച്ചതാണ് കേരളത്തിലെത്തിയാൽ ഇഷ്ടവിഭവം. കരിക്കിൽ ശർക്കര ചേർത്ത് കഴിക്കുന്നതും പ്രിയമാണ്.

ബ്രിട്ടീഷ് പാർലമെന്റ്

 ആകെ സീറ്റുകൾ 650

ശരാശരി വോട്ടർമാർ 75,000

വോട്ടെടുപ്പ് ജൂലായ് നാലിന്

 രാവിലെ 7മുതൽ രാത്രി 10വരെ

വോട്ടെണ്ണൽ രാത്രി 10.30 മുതൽ

ഫലപ്രഖ്യാപനം ജൂലായ് അഞ്ചിന് പുലർച്ചെ 3ന്‌

''വിജയപ്രതീക്ഷയിലാണ്. കേരളം എപ്പോഴും പ്രിയപ്പെട്ട ഇടമാണ്. പറ്റുമ്പോഴെല്ലാം നാട്ടിൽ എത്താറുണ്ട്

-എറിക് സുകുമാരൻ

Advertisement
Advertisement