മലയാളികൾക്ക് വിലക്കുറവിൽ കേടുവരാത്ത നല്ല ഫ്രഷ് പച്ചക്കറി വാങ്ങണമെങ്കിൽ ഇപ്പോൾ ഇവിടേക്ക് ചെല്ലണം

Monday 24 June 2024 1:50 PM IST

ഉദിയൻകുളങ്ങര: കേടുവരാത്ത വിലക്കുറവുള്ള പച്ചക്കറി കിട്ടണമെങ്കിൽ അതിർത്തിയിൽ എത്തണം. എന്നാൽ പച്ചക്കറിക്ക് അതിർത്തി ഗ്രാമങ്ങളിൽ പച്ചക്കറി വില ഏറുന്നു. അതിർത്തിയിലെ മലയാളികളുടെ തീൻമേശയിൽ സാധാരണ എത്താറുള്ള അന്യസംസ്ഥാനക്കാരുടെ പച്ചക്കറിയും ഇത്തവണ കിട്ടുമെന്ന കാര്യത്തിലും സംശയമാണ്. കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ കൃഷിയിടങ്ങളിൽ അല്പം മഴലഭിക്കാൻ കർഷകർ കാത്തിരുന്നു. എന്നാൽ പിന്നീട് പെയ്ത തോരാ മഴയിൽ ഈ ചെടികളെല്ലാം വെള്ളത്തിൽ മുങ്ങി അഴുകി നശിച്ചു. ഇപ്പോൾതന്നെ പച്ചക്കറികളുടെ വില കയറാൻ തുടങ്ങിയിട്ടുണ്ട്. മഴക്കാലമായതോടെ സാധാരണ കൂലിപ്പണിക്കാർക്ക് പണി ഇല്ലാത്ത അവസ്ഥയാണ്. അവശ്യ പച്ചക്കറിയുടെ വില ഇരട്ടിയിലധികം ആയതിനാൽ ഇത്തരം കുടുംബങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുടുംബ ബഡ്ജറ്റുകൾ തകിടംമറിയുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.


കാലവർഷക്കെടുതിയിൽ

തമിഴ്നാട്ടിലെ പച്ചക്കറി നിലങ്ങളായ കുറുവാൻകോട്ടയ്, കുളുപ്പൻകുളം, ചെട്ടിയാർപെട്ടി, ഉഗ്രൻ കോട്ട, കിളിമാനൂർ, അളകാണ്ടിപ്പുറം, കൂത്ത് മലൈ, വീരാനം, വിവിപുറം, വീരാനു കൂത്ത്മലൈ, നായനാർകുറിച്ചി, കുഞ്ഞുകുളം, അപ്പിത്ത്, ആഴംകുളം, മരുതപ്പെട്ടി, കാന്തപുരം, മുക്കനാർ, പള്ളക്കൽ, പുതുക്കുടി, ബ്രഹ്മദേശം തുടങ്ങിയ വില്ലേജുകളിലെ പച്ചക്കറി കൃഷിപ്പാടത്താണ് ഏറ്റവും കൂടുതൽ കാലവർഷക്കെടുതി. ഇതോടെ അതിർത്തിലിൽ പച്ചക്കറിവില വർദ്ധിച്ചു.


പച്ചക്കറി വില( ബ്രായ്ക്കറ്റിൽ ഒരാഴ്ച മുമ്പത്തെ വില)


തക്കാളി... 70(40)

കാരറ്റ്.... 70(45)

ബീൻസ്......60(30)

കാബേജ്....45(30)

വേണ്ടയ്ക്ക 40 (30)

കത്തിരിക്ക......55 (30)

പയർ......60 (40)

പാവയ്ക്ക...80(50)

ഇഞ്ചി...........170 (140)

നെല്ലിക്ക ......60(40)

ചേന.......75 (40)

വിജയം കാണാതെ പദ്ധതി

പച്ചക്കറി ക്ഷാമം പരിഹരിക്കാൻ 2021ൽ ഏജൻസികൾ അല്ലാതെ ഹോർട്ടികോർപ്പ് മുഖേന തമിഴ്നാട്ടിലെയും കർണാടകത്തിലെയും കേരളത്തിലേക്ക്ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള സംവിധാനങ്ങൾക്ക് തുടക്കം കുറച്ചെങ്കിലും അത് വിജയിച്ചില്ല. പച്ചക്കറി വില ഇരട്ടിയിലധികം ആയതോടെ അതിർത്തി പ്രദേശങ്ങളിലെ ചെറു മാർക്കറ്റുകളിൽ അവശ്യസാധനങ്ങൾ പലതും എത്തുന്നില്ലെന്നും ഇവിടത്തെ ചെറുകിട വ്യാപാരികൾ പറയുന്നു.

Advertisement
Advertisement