"സുരേഷ്‌ ഗോപി കൊച്ചിയിൽ വന്നിറങ്ങുമ്പോൾ കണ്ടത് ജീസസ് ക്രൈസ്റ്റ് ഉയർത്തെഴുന്നേറ്റത്"; ചെറുപ്പത്തിലേ ചാണകത്തിൽ ചവിട്ടിയെന്ന് ടിനി ടോം

Monday 24 June 2024 3:07 PM IST

സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് നടൻ ടിനി ടോം. ഇപ്പോഴിതാ സുരേഷ് ഗോപി ഒന്നുമല്ലാത്ത സമയത്തും, എല്ലാമാകുന്ന സമയത്തും താൻ കൂടെയുണ്ടായിരുന്നുവെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം.

'അന്ന് ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തിന് ഒരു വിജയമുണ്ടാകുമെന്ന്. നന്മയേയും സത്യത്തേയും തേടിയുള്ള പോക്കാണ്. അന്ന് സുരേഷേട്ടൻ ഒന്നുമല്ല. ഒന്നുമല്ലാത്ത സമയത്തും ഞാൻ അദ്ദേഹത്തിനൊപ്പമുണ്ട്. എല്ലാമാകുന്ന സമയത്തും അദ്ദേഹത്തിനൊപ്പമുണ്ട്. ഇനി ഒന്നും അല്ലാതാകുന്ന സമയത്തും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും.

രാഷ്ട്രീയം കണ്ടിട്ടല്ല. മനുഷ്യത്വം കണ്ടിട്ടാണ്. ബി ജെ പിയുടെ കൊടി പിടിച്ചല്ല ഞാൻ നടക്കുന്നത്. സുരേഷ് ഗോപി എന്ന കൊടിയാണ് പിടിക്കുന്നത്. സുരേഷ് ഗോപി യു ഡി എഫിൽ പോകുകയാണെങ്കിൽ, അവിടത്തെ കൊടി അല്ല പിടിക്കുന്നത്. സുരേഷേട്ടന്റെ കൊടിയാണ്.

സുഹൃത്തുക്കളുണ്ട്. സുരേഷേട്ടന്റെ കൂടെ സ്വരാജൊക്കെയുണ്ട്. ഇനി രഹസ്യമായി വന്നാൽ മതിയെന്ന് സ്വരാജ് ആണ് എന്നോട് പറഞ്ഞത്, ഭക്ഷണമൊക്കെ കഴിച്ച് പിരിയാമെന്നാണ് കരുതിയത്. ആരുമുണ്ടാകില്ലെന്ന് കരുതിയാണ് വന്നത്. എറണാകുളം ജില്ലാ കമ്മിറ്റിയാണ് സ്വീകരിക്കാൻ വന്നത്. പിന്നെ ഓൺലൈനുകാർ വന്നു. ഭയങ്കര തിരക്കായിപ്പോയി. എനിക്ക് പൊന്നാട മാത്രമേ ഇടാൻ പറ്റിയുള്ളൂ.

സുരേഷേട്ടന് ആവശ്യംവരുമ്പോൾ എന്നെ വിളിക്കും. ഇപ്പോൾ ആവശ്യമില്ല. കാരണം ചുറ്റും നിൽക്കുന്നത് കേന്ദ്ര സേനയാണ്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ ചെന്നപ്പോഴും രസമായിരുന്നു. ജനങ്ങളുടെ ഇടയിൽ നിന്ന് സ്വീകരിക്കാമെന്ന് കരുതി. കേന്ദ്രസേനയുണ്ട്. അവർക്ക് എന്നെ കണ്ടിട്ട് ഒരു മൈൻഡും ഇല്ല. ഇപ്പുറത്ത് നമ്മുടെ നാട്ടിലെ പൊലീസാണ്. അവർക്ക് ഭയങ്കര സ്‌നേഹവും. ആ വരവ്‌ അതൊരു ഉയർത്തെഴുന്നേൽപ്പായിട്ടാണ് എനിക്ക് തോന്നിയത്. ആ മനുഷ്യനെ വട്ടമിട്ട് ആക്രമിച്ചതാണ്.

കൊച്ചിയിൽ വന്നിറങ്ങുമ്പോൾ ഞാൻ കണ്ടത് ജീസസ് ക്രൈസ്റ്റ് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ സംഭവമാണ്. ഇറക്കമല്ല, ഉയർത്തെഴുന്നേൽപ്പാണത്. അതിനി ലൈഫിൽ കാണാൻ പറ്റില്ല. അതൊനൊക്കെ എന്തൊക്കെ ചീത്ത കേട്ടാലും കുഴപ്പമില്ല. സംഘിയെന്ന് വിളിക്കുമായിരിക്കും. ചാണകത്തിൽ ചവിട്ടിയെന്ന് കുറേപ്പേർ പറഞ്ഞു. ഞാൻ ചെറുപ്പത്തിലേ ചാണകത്തിൽ ചവിട്ടിയതാണ്. വീട്ടിൽ തൊഴുത്തുണ്ടായിരുന്നേ. ആനപ്പിണ്ഡത്തിൽ ചവിട്ടിയിട്ടുണ്ട്. എല്ലാ പാർട്ടിയിലും നല്ല ആൾക്കാരുണ്ട്. അവരെ നമ്മൾ അംഗീകരിക്കണം. അതിനുള്ള ബുദ്ധിയുണ്ട് എനിക്ക്. അല്ലാതെ ഇന്ന പാർട്ടി ചെയ്യുന്നത് മാത്രമേ നല്ലതെന്നുപറയുന്നത് അന്ധവിശ്വാസമായിട്ടാണ് എനിക്ക് തോന്നുന്നത്.'- ടിനി ടോം വ്യക്തമാക്കി.

Advertisement
Advertisement