പ്ളസ്‌ വൺ സീറ്റ് പ്രതിസന്ധി; നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Monday 24 June 2024 3:18 PM IST

തിരുവനന്തപുരം: മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമരത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സീറ്റ് വിഷയത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ എഐഎസ്‌എഫും പ്രതിഷേധം കടുപ്പിക്കുകയാണ്.

പ്ളസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേയ്ക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ബാരിക്കേഡുകൾ നിരത്തി മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. കെഎസ്‌യു പ്രവർത്തകർ കോഴിക്കോട് ആർഡിഡി ഓഫീസും ഉപരോധിച്ചു. ഓഫീസിനകത്തേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം പ്രവർത്തകർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കൂടുതൽ പൊലീസ് എത്തി ജില്ലാ പ്രസിഡന്റ് വി ടി സൂരജുൾപ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തുനീക്കി.

പ്ളസ് വൺ സീറ്റ് പ്രതി‌സന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ എംഎസ്‌എഫും പ്രതിഷേധിച്ചു. പ്രവർത്തകർ ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറേറ്റ് ഓഫീസ് ഉപരോധിച്ചു. ചില പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. മലപ്പുറത്ത് കളക്ടറേറ്റിലേക്ക് എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തി. ആർഡിഡി ഓഫീസിന് മുന്നിൽ ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ് ധർണ നടത്തി. കോഴിക്കോട് മാവൂർ റോഡ് ഫ്രട്ടെണിറ്റി പ്രവർത്തകർ ഉപരോധിച്ചു. പ്രതിഷേധം നടത്തതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവർത്തിച്ചു. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ്‍ എയ്‌ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്‌നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്ന് അഹമ്മദ് ദേവര്‍കോവില്‍ സഭയിൽ പറഞ്ഞു.

Advertisement
Advertisement