തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

Monday 24 June 2024 3:38 PM IST

തിരുവനന്തപുരം: പൂന്തുറയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിൽ (നോർത്ത്) ജോലി ചെയ്യുന്ന മദനകുമാ‌ർ എന്ന സിവിൽ പൊലീസ് ഓഫീസറെയാണ് മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്.

മദനകുമാർ താമസിച്ചിരുന്ന പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസ് ക്വാർട്ടേഴ്‌സ് സി2യിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പാറശാല പരശുവയ്‌ക്കൽ സ്വദേശിയാണ് മദനകുമാർ. അഞ്ചുമാസത്തിലേറയായി ക്വാർട്ടേഴ്‌സിൽ ഒറ്റയ്‌ക്കായിരുന്നു താമസം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ജീവനൊടുക്കുന്ന പൊലീസുകാരുടെ എണ്ണം കേരളത്തിൽ ഉയർന്നുവരുകയാണ്. പൊലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ ആത്മഹത്യാ മരണങ്ങൾ കൂടുതലായ സാഹചര്യത്തിൽ മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറൽ ഡിവിഷൻ അടുത്തായി ആരംഭിച്ചിരുന്നു. എറണാകുളം റൂറൽ പൊലീസ് മേധാവി വെെഭവ് സക്സേനയുടെ ആശയത്തിൽ രൂപീകരിച്ച സപ്പോർട്ട് ഗ്രൂപ്പ് അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ മാർഗനിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്.