ക്ഷേത്രച്ചുവരുകൾക്ക് അനുവിന്റെ നിറച്ചാർത്ത്
കൊച്ചി: മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങൾക്ക് ചുവർചിത്രങ്ങളും ശില്പങ്ങളുമൊരുക്കുന്ന തിരക്കിലാണ് അനു അമൃത (40). കേരളത്തിൽ ക്ഷേത്രങ്ങളിൽ ചിത്ര - ശില്പ ജോലികൾ കരാറെടുക്കുന്ന ഏകവനിത. ചിത്രകലയിലൂടെ ജീവിതം തിരികെ പിടിച്ച അനു 14 ക്ഷേത്രങ്ങൾക്ക് ചുവർചിത്രങ്ങളും ശില്പങ്ങളുമൊരുക്കി.
10 വർഷം മുമ്പ് അപ്പുക്കുട്ടൻ ആശാനൊപ്പം ഗുരുവായൂർ മമ്മിയൂർ മണിഗ്രാമം ക്ഷേത്രത്തിലാണ് ആദ്യ ചുവർചിത്രമൊരുക്കിയത്. ശ്രീകോവിലിൽ 300 ചതുരശ്ര അടി ചിത്രങ്ങൾ പരമ്പരാഗത നിറക്കൂട്ടിൽ പൂർത്തിയാക്കി. നെടുമുടി പൂപ്പിള്ളി ശ്രീഭദ്ര ഭഗവതി ക്ഷേത്രം, വൈക്കം വടയാർ സമൂഹം ക്ഷേത്ര ഓഡിറ്റോറിയം, നെടുമ്പാശേരി ദേശം ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രം, ആലുവ കോളനിപ്പടി ക്ഷേത്രം, ചെങ്ങമനാട് പറമ്പയം കപ്രശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ചിത്രം വരച്ചു. കോളനിപ്പടി ക്ഷേത്രത്തിൽ മുഖപ്പ്, തൂമാനം, ഓവുതാങ്ങി, സാലഭഞ്ജികമാർ, നമസ്കാരമണ്ഡപത്തിലെ ശില്പങ്ങൾ എന്നിവയുൾപ്പെടെ സിമന്റ് റിലീഫ് ശില്പങ്ങളും ഒരുക്കി. ഭർത്താവ് പറവൂർ കെടാമംഗലം സ്വദേശി ഷിബുചാനും ശിഷ്യരുമാണ് സഹായികൾ. ഷിബുചാനും അനുവിന്റെ ശിഷ്യനായിരുന്നു.
ആദ്യ അംഗീകാരം ഏഴാം ക്ളാസിൽ
ആലുവ ഗവ. സ്കൂളിൽ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ മഷിയിൽ വിരൽ മുക്കി പേപ്പറിലൊരുക്കിയ ചിത്രത്തിന് ചിന്നമ്മ ടീച്ചർ നൽകിയ പ്രോത്സാഹനമാണ് അനുവിലെ കലാകാരിക്ക് ലഭിച്ച ആദ്യ അംഗീകാരം. ഒമ്പതാം ക്ളാസ് മുതൽ വീട്ടുജോലിക്കിറങ്ങി. നഴ്സിംഗിന് പഠിക്കുമ്പോഴും 30 രൂപയ്ക്ക് വീട്ടുജോലിയെടുത്തു. ആലുവയിലെ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായപ്പോൾ രാത്രി ജോലിചെയ്ത് പകൽ സമയം ചേർത്തലയിലെ കെ.കെ. വാര്യരുടെ അടുത്ത് മൂന്നുവർഷ കെ.ജി.ടി.ഇ ഫൈൻ ആർട്സ് പഠിച്ചു. ഒപ്പം മമ്മിയൂരിൽ കോട്ടപ്പടി അപ്പുക്കുട്ടൻ ആശാന്റെ മ്യൂറൽ പെയിന്റിംഗും. ബസിലായിരുന്നു ഉറക്കം. ആശാൻ നൽകിയ 20,000 രൂപയിൽ ചിത്രകലാ പഠനകേന്ദ്രമാരംഭിച്ചു. ഇപ്പോൾ നൂറിലേറെ ശിഷ്യരുണ്ട്. ആലുവയിൽ ചിത്രകലാപഠന കേന്ദ്രത്തോടൊപ്പം പ്രദർശനശാലയുമുണ്ട്.