ഒാൺലൈൻ ഇടപാട്: നികുതി ലഭ്യമാക്കാൻ നടപടി- ധനമന്ത്രി

Tuesday 25 June 2024 3:00 AM IST

തിരുവനന്തപുരം: ഒാൺലൈൻ ഫോൺ റീചാർജിംഗ്, ഇ കൊമേഴ്സ് കച്ചവടങ്ങൾ തുടങ്ങിയവയുടെ നികുതി ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഒാൺലൈൻ ഇടപാടുകളുടെ നികുതി ജനങ്ങളിൽ നിന്ന് ഇൗടാക്കുന്നുണ്ട്. എന്നാൽ, സർക്കാരിന് കിട്ടുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിലിൽ ഉന്നയിച്ചു. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഐ.ജി.എസ്.ടി ഇടപാടുകളുടെ വിഹിതം നേടിയെടുക്കാനും ശക്തമായ നടപടികളെടുക്കും. പത്തുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കൗൺസിലിൽ ഉറപ്പ് നൽകിയിട്ടുണ്ട്.നികുതിവരവിൽ സംസ്ഥാനം വൻകുതിപ്പാണ് നടത്തുന്നത്. തനത് വരുമാനത്തിൽ 60%മാണ് പ്രതിവർഷ വർദ്ധനവ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന ഗ്രാന്റ്, നികുതിവിഹിതം, പദ്ധതി വിഹിതം എന്നിവയിൽ വൻകുറവാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 1,07,515 കോടിയുടെ കുറവ് വരുത്തി. പ്രതിവർഷം 13,000 മുതൽ 15,000 കോടി വരെയാണ് കടമെടുപ്പ് അവകാശത്തിൽ വെട്ടിക്കുറയ്ക്കുന്നത്. അല്ലായിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ ഒരു ചെലവിനത്തിലും കുടിശ്ശിക വരുമായിരുന്നില്ല. കടംവാങ്ങാതെ ചെലവുകളെല്ലാം നടത്തി കൊണ്ടുപോകാമായിരുന്നു.

ആനുകൂല്യം കൊടുക്കാതിരിക്കില്ല

ജീവനക്കാരുടെ ഡി.എ ഉൾപ്പെടെ ചില ആനുകൂല്യങ്ങൾ നൽകാനുണ്ട്. നിരവധി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. കൊടുക്കാത്തതിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. കൊടുക്കുന്നതും കൊടുക്കാനുള്ളതുമായ ആനുകൂല്യങ്ങളെക്കുറിച്ച് സഭയുടെ മേശപ്പുറത്ത് റിപ്പോർട്ട് വയ്ക്കാം. ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കാനുള്ള ഒരു ആലോചനയും സർക്കാരിനില്ല.

വളർച്ചാ സൂചികയിൽ മുന്നിൽ

കടപ്പെരുപ്പം സംസ്ഥാനത്ത് ഇപ്പോഴില്ല. മൂന്ന് വർഷത്തെ കടത്തിന്റെ തോത് കാണിക്കുന്നത് അതാണ്. വളർച്ചാസൂചികകളിൽ സംസ്ഥാനം രാജ്യത്ത് മുന്നിലാണെന്നാണ് റിസർവ് ബാങ്കിന്റേയും മറ്റ് ഏജൻസികളുടേയും റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. 0.002% മാത്രം. സംസ്ഥാനത്ത് 98.7% വീടുകളിലും അടച്ചുറുപ്പുള്ള ശുചിമുറിയുണ്ട്.

Advertisement
Advertisement