പൊട്ടിത്തെറിച്ച് പി.കെ. ഗുരുദാസൻ

Tuesday 25 June 2024 12:40 AM IST

കൊല്ലം: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിനത്തിൽ സംസ്ഥാന, ജില്ലാ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി.കെ.ഗുരുദാസൻ. നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചർച്ചയിൽ പങ്കെടുക്കാൻ അവശതകൾ മാറ്റിവച്ച് എത്തുകയായിരുന്നു.

താൻ ഒരാളുടെ കൈയിൽ നിന്നും ചായപോലും വാങ്ങിക്കുടിച്ചിട്ടില്ല, വാടക വീടുകൾ മാറിമാറിത്താമസിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ വല്ലാത്ത സങ്കടമുണ്ട്. കൊല്ലത്തെ സ്ഥാനാർത്ഥിയെ എവിടുന്നാണ് കിട്ടിയത്. ആരാണ് തീരുമാനിച്ചത്. എവിടെയാണ് ചർച്ച ചെയ്തത്. അദ്ദേഹത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് പോലും ശരിയായില്ല. രൂക്ഷമായി സംസാരിക്കവേ ഗുരുദാസന്റെ ശബ്ദമിടറി. അല്പനേരം വിശ്രമിച്ച ശേഷം അദ്ദേഹം വീണ്ടും വിമർശനം തുടർന്നു.

പൊതുപ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ടാകേണ്ട പെരുമാറ്റത്തിലെ ലാളിത്യം മുഖ്യമന്ത്രി പലപ്പോഴും മറക്കുന്നുവെന്ന് കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു. ചിഹ്നം നിലനിറുത്താൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന എ.കെ.ബാലന്റെ പ്രസംഗം പ്രവർത്തകരെ നിരാശരാക്കി. വി.എസ് തിരഞ്ഞെടുപ്പ് ദിനത്തിൽ ടി.പി.രമയെ കാണാൻ പോയതിനേക്കാൾ ക്രൂരമാണ് പോളിംഗ് ദിനത്തിൽ ഇ.പി.ജയരാജൻ നടത്തിയ വെളിപ്പെടുത്തൽ. അദ്ദേഹത്തിനെതിരെ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. നവകേരള സദസ് വിപരീത ഫലമാണ് സൃഷ്ടിച്ചത്. ക്ഷേമ പെൻഷൻ നൽകാഞ്ഞത് കേന്ദ്ര സർക്കാർ പണം നൽകാത്തതുകൊണ്ടാണെന്ന വാദം ജനങ്ങൾ വിശ്വസിച്ചിട്ടില്ല. സർക്കാരിന്റെ ആഡംബരങ്ങൾക്ക് കുറവില്ലല്ലോ എന്നായിരുന്നു ജനങ്ങളുടെ ചോദ്യമെന്നും കരുനാഗപ്പള്ളിയിൽ നിന്നുള്ള അംഗം പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement