നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം കൊറിയർ ഏജൻസിയിലേക്കും
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയുടെ ചോദ്യപേപ്പർ ചോർന്നതിൽ കൊറിയർ ഏജൻസിയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. ഡൽഹിയിൽ നിന്നയച്ച ചോദ്യപേപ്പർ അതത് സംസ്ഥാനങ്ങളിലെ എസ്.ബി.ഐ ലോക്കർ വരെ എത്തിക്കുന്നത് സ്വകാര്യ കൊറിയർ ഏജൻസിയാണ്.
ഡൽഹിയിൽ നിന്നുവന്ന ചോദ്യപേപ്പർ റാഞ്ചിയിൽ നിന്ന് ഹസാരിബാഗിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലേക്ക് എത്തുന്നതുവരെ കൈകാര്യം ചെയ്‌തത് സ്വകാര്യ കൊറിയർ ഏജൻസിയാണ്. മറ്റ് നടപടികളെല്ലാം കർശനമാക്കിയപ്പോൾ കൊറിയർ ഏജൻസിയുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചില്ല.
ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിൽ ചോദ്യപേപ്പർ പൊട്ടിച്ച സമയത്ത് അസ്വാഭാവികമായ ചിലത് കണ്ടതായി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ചോർച്ച അന്വേഷിക്കുന്ന ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ(ഇ.ഒ.യു) അറിയിച്ചു.
രണ്ടു പൂട്ടുകളുള്ള ലോഹ പെട്ടിയിൽ ഏഴ് നിരകളിലായാണ് ചോദ്യപേപ്പർ പായ്‌ക്ക് ചെയ്യുന്നത്. ഇതിൽ ഏറ്റവും ഉള്ളിലെ പാളിയിലാണ് കൃത്രിമം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയ്‌ക്ക് രണ്ട് മണിക്കൂർ മുമ്പ് സ്വയം തുറക്കാൻ പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഡിജിറ്റൽ ലോക്കുകളിലൊന്നാണ് പെട്ടിയിൽ. രണ്ടാമത്തേത് പൊട്ടിക്കണം.
ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്ന ചോദ്യപേപ്പർ പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പ്
ലോക്കൽ മജിസ്‌ട്രേറ്റിന്റെയും പ്രധാന ഉദ്യോഗസ്ഥരെയും സാക്ഷികളാക്കിയാണ് തുറക്കേണ്ടത്. മുഴുവൻ പ്രക്രിയയും വീഡിയോയിൽ ചിത്രീകരിക്കും. പുറത്തെടുക്കുന്ന പേപ്പറുകൾ സീൽ ചെയ്ത കവറുകറിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ഇൻവിജിലേറ്റർമാർക്ക് കൈമാറും. പരീക്ഷയെഴുതുന്ന രണ്ടുപേരുടെ സാന്നിദ്ധ്യത്തിലാണ് ക്ളാസ് മുറിയിൽ പുറത്തെടുക്കുക.
മൂന്ന് ദിവസം മുമ്പ് ജാർഖണ്ഡിലെ ദിയോഘറിൽ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ നളന്ദയിലെ താമസക്കാരായ ഇവർ ദിയോഘറിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾ കണ്ടുപിടിക്കുന്ന ഇവർക്ക് ചോർച്ചയിൽ എന്താണ് പങ്കെന്ന് വ്യക്തമല്ല.
ലാത്തൂരിലെ സ്‌കൂൾ അദ്ധ്യാപകന്റെ അറസ്റ്റോടെ ഡൽഹി, മഹാരാഷ്ട്ര ബന്ധവും പുറത്തുവന്നിട്ടുണ്ട്.
മുല്ലശ്ശേരിയിൽ വീണ്ടും അവയവ
കച്ചവടം; കരൾ നൽകി സ്ത്രീ
കെ.എൻ. സുരേഷ് കുമാർ
തൃശൂർ: ദാരിദ്ര്യം മുതലെടുത്ത് 30 പേരെക്കൊണ്ട് അവയവക്കച്ചവടം നടത്തിച്ച ലോബി മുല്ലശ്ശേരി പഞ്ചായത്തിൽ
വീണ്ടുമൊരു സ്ത്രീയെ ഇരയാക്കി. രണ്ടാഴ്ച മുമ്പ് കരളാണ് നൽകിയത്.
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പണമെടുത്ത് കടക്കെണിയിലായതോടെയാണ് ലോബിയുടെ പ്രലോഭനത്തിൽ വീണത്. എന്നാൽ, കരൾ നൽകി പണം കിട്ടിയിട്ടും കടം തീർക്കാനായില്ല.
തൃശൂർ വലപ്പാട്ട് വാടകയ്ക്ക് താമസിച്ചിരുന്ന സാബിത്ത് വഴിയായിരുന്നു നേരത്തേ കച്ചവടം. ഇറാനിലേക്കുള്ള മനുഷ്യക്കടത്തിന് നെടുമ്പാശ്ശേരിയിൽ ഇയാൾ അറസ്റ്റിലായതോടെയാണ് അവയവക്കച്ചവട വിവരം പുറത്തായത്. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എ.ബാബു കഴിഞ്ഞ നവംബറിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. കച്ചവട മാഫിയയുടെ ഭീഷണിയെ തുടർന്നാണ് അവയവം നൽകിയവർ വിവരം പുറത്തു പറയാത്തത്.
മിണ്ടാട്ടമില്ലാതെ പൊലീസ്
മുല്ലശ്ശേരിയിലെ അവയവക്കച്ചവടം സംബന്ധിച്ച് ജനപ്രതിനിധികളോട് പരാതിപ്പെട്ടെങ്കിലും ഇടപെടലുണ്ടായില്ല. വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയെങ്കിലും വിവരം പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ്. അവയവം വിറ്റ ഏഴ് പേരുടെ വിലാസമടക്കം വിവരങ്ങൾ ബാബു പൊലീസിന് കൈമാറിയിരുന്നു.