മഞ്ഞുരുക്കാൻ സതീശൻ , ചെന്നിത്തല കൂടിക്കാഴ്ച

Tuesday 25 June 2024 12:49 AM IST

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള അഭിപ്രായ ഭിന്നത മാറ്റാൻ ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ദേഹത്തെ കണ്ടു.വഴുതക്കാട്ടുള്ള ചെന്നിത്തലയുടെ വീട്ടിൽ രാവിലെ എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിന് ശേഷം ഒരുമിച്ച്

പ്രഭാത ഭക്ഷണവും കഴിച്ചാണ് സതീശൻ നിയമസഭയിലേക്ക് പോയത്.

താൻ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോയ സമയത്ത് യു.ഡി.എഫ് യോഗം ചേരുന്നത് നേരിട്ട് വിളിച്ച് അറിയിക്കാത്തതിലും പിന്നീട് കെ.പി.സി.സി നേതൃയോഗത്തിൽ സംസാരിക്കാൻ അവസരം നൽകാത്തതിലുമുള്ള അതൃപ്തി ചെന്നിത്തല അടുപ്പക്കാരോട് പ്രകടിപ്പിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതിന് പിന്നാലെ ഇത്തരത്തിൽ ഒരു അസ്വാരസ്യമുണ്ടാവുന്നതും പ്രശ്നത്തിൽ ഹൈക്കമാൻഡ് ഇടപെടേണ്ടി വരുന്നതും ഗുണകരമാവില്ലെന്ന അഭിപ്രായം പല നേതാക്കളും പറയുകയും ചെയ്തു. വയനാട് ഉപതിരഞ്ഞെടുപ്പും വരാനിരിക്കയാണ്. ഇതെല്ലാം കണക്കിലെടുത്താണ് മഞ്ഞുരുക്കാനുള്ള ദൗത്യം സതീശൻ ഏറ്റെടുത്തത്.

തങ്ങളൊക്കെ തമ്മിൽ സഹോദര ബന്ധവും ഹൃദയ ബന്ധവുമാണുള്ളതെന്ന് പിന്നീട് നിയമസഭ മീഡിയ റൂമിൽ വാർത്താ സമ്മേളനത്തിൽ വി.ഡി.സതീശൻ പറഞ്ഞു. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കൾ തമ്മിലുണ്ടാകാൻ പാടില്ലെന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. സി.പി.എം പോലെയല്ല കോൺഗ്രസ്. താൻ ഏതെങ്കിലും കാര്യം പറഞ്ഞാൽ എല്ലാവരും ചേർന്ന് കൈയ്യടിക്കില്ല. അത് ചർച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനമെടുക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലോ കോൺഗ്രസിലോ ഒരപസ്വരം പോലും ഉണ്ടായില്ല. . അതിനേക്കാൾ ഐക്യത്തോടെയാകും ഒന്നിച്ചു പോകുന്നത്. എന്തെങ്കിലും തെറ്റ് പറ്റിയാൽ അങ്ങോട്ടു പോയി ക്ഷമ ചോദിക്കും. മുതിർന്ന നേതാക്കളുടെ മനസ് വിഷമിപ്പിക്കാൻ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.

Advertisement
Advertisement