ഇ.പിയെ തള്ളി കണ്ണൂർ പാർട്ടി
എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിയണമെന്ന് ആവശ്യം
കണ്ണൂർ:എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കണ്ണൂർ സി.പി.എമ്മിൽ അതൃപ്തി പുകയുന്നു. തിരഞ്ഞെടുപ്പു തോൽവി വിലയിരുത്താൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇ.പിക്കെതിരെ ഉയർന്നത് അതിശക്തമായ വികാരം. സുപ്രധാന ചുമതലയിരിക്കുന്ന ഇ.പി ജയരാജൻ പലപ്പോഴും ചുമതലയുടെ അന്തസ്സിന് ചേരാത്ത നിലപടാണ് സ്വീകരിക്കുന്നത്. തൽസ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം വരെ യോഗത്തിലുയർന്നു.
പാർട്ടിയെയും മുന്നണിയെയും നിരന്തരം പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് ഇ.പി. ജയരാജൻ നിരന്തരം നടത്തിയതെന്നാണ് മുതിർന്ന ഒരംഗം കുറ്റപ്പെടുത്തിയത്. എൽ.ഡി.എഫ്. കൺവീനറെന്ന നിലയിൽ സംസ്ഥാനതലത്തിൽ പ്രചാരണം ഏകോപിക്കേണ്ട ചുമതലയുള്ള ഇ.പി. ജയരാജന്റെ സാന്നിധ്യം ഒരു ഘട്ടത്തിലും ദൃശ്യമായില്ല. വോട്ടെടുപ്പ് ദിവസം ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ഇ.പിയുടെ വെളിപ്പെടുത്തൽ ന്യൂനപക്ഷ വോട്ട് ചോർച്ചയ്ക്കിടയാക്കി. പാർട്ടിയോട് അടുത്തു നിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപെടെ വോട്ടുകൾ ചോർന്നു.
ഇ.പി. ജയരാജന് അനുകൂലമായി ജില്ലാ കമ്മിറ്റിയിലെ ഒരംഗം പോലും സംസാരിക്കാൻ തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരായി ഉയർന്ന വിമർശനങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ശ്രമിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ,ഇ.പിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ തുനിഞ്ഞില്ല. ബന്ധു നിയമന വിവാദം വന്നപ്പോൾ മുതൽ കണ്ണൂർ പാർട്ടിയിൽ ഇ.പിക്കെതിരേ ആരംഭിച്ച പടയൊരുക്കമാണ് ഇപ്പോൾ ശക്തമായത്. കഴിഞ്ഞ കുറച്ചു നാളുകളായി കണ്ണൂരിലെ നേതാക്കളിൽ നിന്ന് ഇ.പിക്ക് കാര്യമായ പിന്തുണ ലഭിക്കാറില്ല.ആയുർവേദ റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സംസ്ഥാന സമിതിയിൽ ഉന്നയിക്കപ്പെട്ടതും സ്വന്തം തട്ടകത്തിലെ നേതാക്കൾ വഴിയായിരുന്നു.