വർഗ, വേഗം സുഖമാകട്ടെ!

Tuesday 25 June 2024 2:12 AM IST

സ്റ്റുട്ട്ഗാർട്ട്: സ്കോട്ട്‌ലാൻഡ് ഗോളി ആൻഗുസ് ഗണ്ണുമായി കൂട്ടിയിടിച്ച് കുഴഞ്ഞു വീണ ഹംഗറിയുടെ യുവ സ്ട്രൈക്കർ ബർണബാസ് വർഗ അപകട നില തരണം ചെയ്തതായി യു.ഇ.എഫ്.എ (യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ) അറിയിച്ചു. മുഖത്ത് പൊട്ടലുൾരപ്പെടെയുള്ള ഗുരുതര പരിക്കുകൾ ഉള്ള വർഗയെ ഇന്നലെ രാവിലെ സ്റ്റുട്ട്‌ഗാർട്ടിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. താരത്തിന് ഏറെ നാളത്തെ വിശ്രമം ആവശ്യമാണ്.

സ്‌കോട്ട്‌ലാൻഡും ഹംഗറിയും തമ്മിലുള്ല ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ 69-ാം മിനിട്ടിലാണ് ഡൊമിനിക്ക് സ്വൊബൊസ്ലായി എടുത്ത ഫ്രീകിക്ക് തടയാനായി അഡ്വാൻസ് ചെയ്ത ഗണ്ണുമായി കൂട്ടിയിടിച്ച് വർഗ ബോധരഹിതനായി മൈതാനത്ത് വീണത്. ഉടൻ തന്നെ താരത്തിന് വൈദ്യ ശുശ്രൂഷ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യ സംഘും കളിക്കാരും തുണികൊണ്ട് മറയുണ്ടാക്കിയാണ് മൈതാനത്ത് വച്ച് വർഗയ്ക്ക് പ്രഥമ ശുശ്രൂഷ നൽകിയത്. അതേസമയം മൈതാനത്തേക്ക് സ്ട്രെക്ചർ ഉൾപ്പെടെ എത്തിക്കാൻ അല്പം താമസം ഉണ്ടായതായും ആരോപണമുണ്ട്. സ്ട്രെക്ചർ എത്തിക്കാൻ താമസിച്ചതിനെത്തുടർന്ന് ഹംഗറി ക്യാപ്ടൻ സ്വൊബൊസ്ലായി തന്നെ സ്ട്രെക്‌ചറിനായി ഓടുന്നത് കാണാമായിരുന്നു. എന്നാൽ വൈദ്യസഹായം നൽകാൻ താമസിച്ചില്ലെന്നും കൃത്യമായ പോർട്ടോക്കോൾ അനുസരിച്ചാണ് ശുശ്രൂഷ നൽകിയതെന്നും യു.ഇ.എഫ്.എയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അവസാന നിമിഷം ഹംഗറിയുടെ വിജയഗോൾ നേടിയ കെവിൻ ആ ഗോൾ വർഗയ്ക്കാണ് സമർപ്പിച്ചത്. ഗോൾ നേടിയ ശേഷ വർഗുടെ ജേഴ്സിയണിഞ്ഞാണ് കെവിൻ സഹതാരത്തിന് ആദരമർപ്പിച്ചത്. മത്സര ശേഷം സ്വൊബൊസ്ലായിയും വർഗയുടെജേഴ്സിയണിഞ്ഞാണ് കളംവിട്ടത്.

കഴിഞ്ഞ യൂറോയിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞ് വീണതും ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സ്റ്റെൻഡ് ഇട്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ എറിക്സൺ ഈ യൂറോയിൽ ഗോളുമടിച്ചിരുന്നു.

Advertisement
Advertisement