പനാമ കടന്ന്, ഉറുഗ്വെ തുടങ്ങി

Tuesday 25 June 2024 2:19 AM IST

ഫ്ലോറിഡ: കോപ്പ അമേരിക്ക ഗ്രൂപ്പ് സിയിലെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി മുൻ ചാമ്പ്യൻമാരായ ഉറുഗ്വെയ്ക്ക് വിജയത്തുടക്കം. മാക്സിമിലിയാനൊ അറൗജോ, ഡാർവിൻ നുനസ് , മത്യാസ് വിന എന്നിവരാണ് ഉറുഗ്വെയ്ക്കായി സ്കോർ ചെയ്തത്. മുറില്ലൊ അവസാന നിമിഷം പനാമയ്ക്കായി ഒരു ഗോൾ മടക്കി.

16-ാം മിനിട്ടിൽ അറൗജോയുടെ ഗോളിൽ ഉറുഗ്വെ ലീഡെടുത്തു. ഇടവേളയ്ക്ക് പിരിയുമ്പോൾ ഈ ഗോളിന് ഉറുഗ്വെ -0ത്തിന് ലീഡ് ചെയ്യുകയായരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ പനാമ യും മികച്ച മുന്നേറ്റങ്ങൾ നടത്തി. എന്നാൽ 85 -ാം മിനിട്ടിൽ നുനസും അധിക സമയത്ത് (90+1) വിനയും ലക്ഷ്യം കണ്ടതോടെ ഉറുഗ്വെ വിജയ മുറപ്പിക്കുകയായിരുന്നു.

മൂന്നാം ഗോൾ വഴങ്ങിയതിന് പിന്നാലെ ലോംഗ് വിസിലിന് തൊട്ടുമുൻപ് മുറില്ലൊ പനാമ അർഹിച്ച ഗോളും നേടി. അതേസമയം സൂപ്പർ താരം ലൂയിസ് സുവാരസിന് ഉറുഗ്വെ കോച്ച് മാഴ്സലൊ ബിയെൽസ അവസരം നൽകിയില്ല. മുഴുവൻ സമയവും താരം ബെഞ്ചിലായിരുന്നു.