നാല്‌ വയസുകാരി അങ്കണവാടി കെട്ടിടത്തിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണു; രക്ഷിക്കാൻ ചാടിയ അദ്ധ്യാപികയ്‌ക്കും പരിക്ക്

Tuesday 25 June 2024 10:07 AM IST

ഇടുക്കി: അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലാർ വട്ടിയാർ 49ാം നമ്പർ അങ്കണവാടിയിൽ പഠിക്കുന്ന കല്ലാർ കൊയേലിപ്പറമ്പിൽ ആന്റപ്പന്റ മകൾ മെറീനയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്‌ക്ക് 12.45 ഓടെയാണ് അപകടം നടന്നത്.

ഇരുപത് അടി താഴ്ചയിലേക്കാണ് കുട്ടി വീണതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ രക്ഷിക്കാനായി താഴേക്ക് ചാടിയ അദ്ധ്യാപിക കല്ലാർ വട്ടിയാർ ചാത്താനാട്ട് വേലിയിൽ പ്രീതിക്കും ( 52) പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അങ്കണവാടിയുടെ ഒന്നാം നിലയിൽ പോയി ഉച്ച ഭക്ഷണം കഴിച്ച് തിരികെ രണ്ടാം നിലയിലുള്ള ക്ലാസിലേക്ക് അദ്ധ്യാപിക രണ്ട് കുട്ടികളെ കൈ പിടിച്ചു കൊണ്ടുവരികയായിരുന്നു. ഈ അവസരത്തിൽ തറയിലെ വെള്ളത്തിൽ കാൽ തെന്നി മെറീന താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കുന്നതിനായി ടീച്ചറും ഒപ്പം ചാടുകയായിരുന്നു.

അദ്ധ്യാപികയുടെ ഇടതു കാലിന് ഒടിവ് പറ്റി. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുണ്ടായതിനെത്തുടർന്ന് രക്തസ്രാവം ഉണ്ട്. ഒരു എം ആർ എ സ്‌കാൻ കഴിഞ്ഞു. മഴ പെയ്തതിനാൽ നിലത്ത് നനവുണ്ടായിരുന്നെന്നും അതിൽ തെന്നിയാണ് കുട്ടി തെന്നിവീണതെന്നാണ് അദ്ധ്യാപിക പറയുന്നത്.

അതേസമയം, കുട്ടിയ്‌ക്ക്‌ വിദഗ്ദ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വനിത ശിശുവികസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.