വിമാനത്തിൽ ഭക്ഷ്യവിഷബാധ, എയർ ഇന്ത്യയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ മലപ്പുറം സ്വദേശി പിടിയിൽ

Tuesday 25 June 2024 11:50 AM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. വിമാന കമ്പനിയോടുള്ള പ്രതികാരം തീർക്കാനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്.

ഒരാഴ്‌ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയിൽ വിമാനത്തിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ഇയാൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

എന്നാൽ, ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയർത്തിയത്. തുടർന്ന് ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിന്റെ പേരിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.


കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

രണ്ട് ദിവസം മുമ്പ് കരിപ്പൂർ വിമാനത്താവളത്തിലും വ്യാജ ബോംബ് ഭീഷണി ഉണ്ടായി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ നിന്നാണ് 'BOOMB' എന്ന് ഇംഗ്ളീഷിലെഴുതിയ കുറിപ്പ് കണ്ടെത്തിയത്. വിമാനത്തിൽ കുറച്ച് യാത്രക്കാരെ കയറ്റിയ ശേഷമാണ് കുറിപ്പ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കി വിമാനത്താവളത്തിന് തെക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിമാനം മാറ്റി. തുടർന്ന് ഡോഗ് സ്ക്വാഡും സി.ഐ.എസ്.എഫും വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

Advertisement
Advertisement