എത്രയോ വർഷം കാത്തിരുന്ന് കിട്ടിയ മകൾ, വന്ദനയുടെ  വീട്ടിൽ ചെന്നപ്പോൾ കണ്ടത്; സുരേഷേട്ടനാണ്‌ അവരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചതെന്ന് നടൻ

Tuesday 25 June 2024 4:33 PM IST

വന്ദനാ ദാസ് എന്ന പേര് മലയാളികൾക്ക് ഒരു തീരാനോവാണ്, അച്ഛനമ്മമാരുടെ ഏക മകൾ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ വന്ദന കൊല്ലപ്പെടുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വന്ദനയുടെ വീട്ടിൽ പോയതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം

'വന്ദനാദാസിന്റെ വീട് സന്ദർശിക്കാനിടയായി. ആ അച്ഛൻ എന്നെ അവളുടെ റൂമിലേക്ക് കൊണ്ടുപോയി. അവളുടെ ലാപ്‌ടോപ്, ഫോൺ, വാച്ച്, പേന... അവിടെ അവളുടെ അദൃശ്യമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. ആ അച്ഛനൊക്കെ എന്നേ മരിച്ചുപോയി. ഈ മകൾ മരിച്ചപ്പോൾ അവരും മരിച്ചതാണ്. ഇവർ അങ്ങ് ജീവിക്കുകയാണ്.

അവർ ആത്മഹത്യ ചെയ്യേണ്ടതാണ്. രക്ഷിച്ചത് സുരേഷേട്ടനാണ്. ഞാൻ അദ്ദേഹത്തെ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന് ഒരു സൈഡിലിരിക്കുന്നതാണ്. അവിടെവച്ചാണ് വന്ദനയുടെ അച്ഛൻ മോഹൻദാസേട്ടനെ ഞാൻ പരിചയപ്പെടുന്നത്. വേറൊരു അച്ഛൻ തന്റെ മകളുടെ കല്യാണം നടത്തുന്നത്, മകളുടെ കല്യാണം നടത്താൻ പറ്റാതെപോയ ഒരച്ഛന്റെ ഫീലിംഗ്. കണ്ണ് ഇങ്ങനെ നിറഞ്ഞിരിക്കുകയാണ്.

എത്രയോ വർഷം കാത്തിരുന്നിട്ട് ഉണ്ടായ മകൾ. പൊന്നുപോലെ സൂക്ഷിച്ചു. എത്രയോ രാത്രി ഉറക്കം കളഞ്ഞാണ് എംബിബിഎസ് എടുത്തത്. ഡോക്ടറാകാനുള്ള സ്വപ്നം പൂവണിഞ്ഞ് കഴിഞ്ഞപ്പോഴേക്ക് ഒരു കാപാലികൻ വന്ന് കുത്തിക്കൊല്ലുകയാണ്. അയാൾക്ക് എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. അത് ഇപ്പോഴും കോടതിയിൽ കിടക്കുകയാണ്.'- ടിനി ടോം പറഞ്ഞു.