അപ്പൊ എങ്ങനാ.. ഹാപ്പി ആകുവല്ലേ...

Wednesday 26 June 2024 12:00 AM IST

കൊച്ചി: നിങ്ങളെല്ലാവരും ഹാപ്പി അല്ലെ...? സുഖ വിവരങ്ങളും സന്തോഷങ്ങളും ആരായാൻ കുടുംബശ്രീയെത്തുന്നു. കേരളത്തിലെ ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കാൻ തയ്യാറെടുക്കുകയാണ് കുടുംബശ്രീ. 'ഹാപ്പി കേരളം’ എന്ന ആശയത്തിലൂടെ കേരളത്തിൽ ഹാപ്പിനസ് സെന്ററുകൾ ആരംഭിക്കും. ജില്ലയിൽ 14 പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ.

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായുള്ള എഫ്.എൻ.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യൻ, ഹെൽത്ത് ആൻഡ് വാഷ്) പ്രവർത്തനങ്ങളോടനുബന്ധിച്ചാണിത്. സംസ്ഥാനത്ത് 168 മാതൃകാ സി.ഡി.എസുകളിൽ ആഗസ്റ്റ് 17ന് പദ്ധതി ആരംഭിക്കും.

തദ്ദേശ വകുപ്പാണ് മുഖ്യ പങ്കാളി. ഒപ്പം ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, വനം തുടങ്ങി വിവിധ വകുപ്പുകളുമായും കുടുംബശ്രീ സംയോജിക്കും.
ഹാപ്പിനസ് സെന്റർ

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തി സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഹാപ്പിനസ് ഇൻഡക്‌സിൽ മുന്നേറ്റം മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാകും.
തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, സ്‌പോർട്‌സ്, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ എന്നീ മേഖലകളിലെ അപര്യാപ്തതകൾ പരിഹരിക്കും.
പ്രവർത്തനം
മാതൃകാ സി.ഡി.എസുകളിലെ സർവേ നടത്തും

കുടുംബങ്ങളുടെ ഹാപ്പിനസ് ഇൻഡക്‌സ് ഉയർത്തനാവശ്യമായ സൂക്ഷ്മതല പദ്ധതി തയാറാക്കും

കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിനിണങ്ങുന്ന സന്തോഷ സൂചിക തയാറാക്കും

വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും

ജില്ലയിലെ ഹാപ്പിനസ് കേന്ദ്രങ്ങൾ

തിരുവാണിയൂർ

രാമമംഗലം

വാളകം

കവളങ്ങാട്

 മുടക്കുഴ

മലയാറ്റൂർ

വെങ്ങോല

കുന്നുകര

എടവനക്കാട്

ചിറ്റാട്ടുകര

 കുമ്പളങ്ങി

ആമ്പല്ലൂർ

ആലങ്ങാട്

 മുളവുകാട്.

ജനങ്ങളുടെ സന്തോഷ സൂചിക വിശകലനം ചെയ്ത് പിന്തുണകൾ നൽകും. സർക്കാർ, സർക്കാരേതര ഏജൻസികളുടെ സഹായം ലഭ്യമാക്കും.

ടി.എം. റജീന

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

കുടുംബശ്രീ

Advertisement
Advertisement