ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, മത്സ്യത്തൊഴിലാളികൾക്കാവശ്യമായ സഹായം നൽകാൻ തയ്യാർ

Tuesday 25 June 2024 5:26 PM IST

തിരുവനന്തപുരം: ഉന്നത നിലവാരമുള്ള കയറ്റുമതി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളടക്കം ഉൽപ്പാദിപ്പിക്കാൻ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം സഹകരണ ഭവനിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ്‌സ് ടു ഫിഷർ വിമെൻ (സാഫ്) സഫലം സംഘടിപ്പിച്ച മൽസ്യത്തൊഴിലാളി വനിതാ ശാക്തീകരണം എന്ന വിഷയത്തിൽ സംസ്ഥാന തല ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ മത്സ്യബന്ധനമല്ലാത്ത ഒരു തൊഴിലെങ്കിലും ഉണ്ടാകണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. പത്ത് ലക്ഷത്തോളം മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങളിൽ മൂന്ന് ലക്ഷം ആളുകൾ കടലിൽ പോയി മൽസ്യബന്ധനം നടത്തുന്നവരാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പതിന്മടങ്ങ് വിപുലീകരണം ഇതിനായി ആവശ്യമുണ്ട്. ഇതിനായി വിപണിയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. അതിനനുസൃതമായി മത്സ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിനാവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകാൻ സർക്കാർ പ്രതിഞ്ജാബദ്ധമാണ്. മൽസ്യ വിപണിയിൽ വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ മുന്നേറ്റം അനുകരണീയവും മാതൃകാപരവുമാണ്.

ഇത്തരത്തിലുള്ള മുന്നേറ്റത്തിന് സാമ്പത്തിക സഹായം സി എസ് ആർ ഫണ്ടിൽ നിന്നു നൽകാൻ നിരവധി സ്ഥാപനങ്ങൾ തയാറാണ്. സഹകരണ വകുപ്പടക്കമുള്ള വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാർ ബന്ധപ്പെട്ട സ്ഥാപനങ്ങളും മേധാവികളും തയാറാകണം. സംസ്ഥാന വ്യാപകമായി ക്ലസ്റ്ററുകൾ രൂപീകരിച്ചും മേഖലയിൽ പ്രവീണ്യമുള്ളവരെ നിയോഗിച്ചും ഒരു ലക്ഷം തൊഴിലവസരങ്ങൾ മൽസ്യത്തൊഴിലാളി സ്ത്രീ സമൂഹത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് ഡയറക്ടർ സ്മിത ആർ നായർ സ്വാഗതവും സാഫ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ നന്ദിയും അറിയിച്ചു. മൽസ്യഫെഡ് എം ഡി ഡോ. സഹദേവൻ, എസ് എൽ ഡി സി കൺവീനർ പ്രദീപ് ഡി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement