ഇടതുപക്ഷം സ്വയംവിമർശനം നടത്തണം: ബിനോയ് വിശ്വം

Wednesday 26 June 2024 2:14 AM IST

ആലപ്പുഴ: ഇടതുപക്ഷം സ്വയംവിമർശനത്തിന് തയ്യാറാകേണ്ട കാലഘട്ടമാണിതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജെ.എസ്.എസ് സംഘടിപ്പിച്ച കെ.ആർ.ഗൗരിഅമ്മ ജന്മദിനാഘോഷവും അനുസ്മരണ സമ്മേളനവും ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിൽ തിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്. വിമർശിക്കുമ്പോഴും ഇടതുപക്ഷ സംസ്‌കാരം കാത്തുസൂക്ഷിക്കണം. സ്വന്തം പക്ഷത്തുള്ളവരെല്ലാം കൊള്ളാമെന്നും മറുപക്ഷം പാഴാണെന്നുമുള്ള ചിന്തയിൽ എന്തും പറയാമെന്നത് കമ്യൂണിസ്റ്റ് ശൈലിയല്ല. വിമർശിക്കുമ്പോൾ ഭാഷാ പ്രയോഗത്തിൽ മാന്യത പുലർത്തണം. ആശയപരമായിരിക്കണം വിമർശനം. തെറ്റ് ആദ്യം ഏറ്റുപറയേണ്ടത് ജനത്തോടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷത വഹിച്ചു.