78,000 കടന്ന് ചരിത്രക്കുതിപ്പോടെ സെൻസെക്‌സ്

Wednesday 26 June 2024 12:37 AM IST

കൊച്ചി: ആഗോള, ആഭ്യന്തര നിക്ഷേപകരുടെ പണക്കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് കുതിപ്പ് തുടരുന്നു. സ്വകാര്യ ബാങ്കുകളുടെ ഓഹരികളിലുണ്ടായ വൻ നിക്ഷേപ താത്പര്യമാണ് വിപണിക്ക് കരുത്തായത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 78,000 പോയിന്റ് കടന്നു. ഇന്നലെ സെൻസെക്‌സ് 712 പോയിന്റ് നേട്ടത്തോടെ 78,053ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 183 പോയിന്റ് മുന്നേറി 23,721ൽ എത്തി. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു. ബാങ്കിംഗ് ഓഹരി സൂചികയും 53,000 കടന്ന് പുതിയ ഉയരങ്ങളിലെത്തി.

ഇന്ത്യയുടെ മികച്ച വളർച്ച സാദ്ധ്യത കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ പൂർവാധികം ആവേശത്തോടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി. അൾട്രാടെക്ക് സിമന്റ്സ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഡിവിസ് ലാബ്, കോൾ ഇന്ത്യ, എസ്.ബി.ഐ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

രൂപയും കരകയറുന്നു
കൊച്ചി: ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ സജീവമായതോടെ ഡോളറിനെതിരെ രൂപ മൂന്ന് പൈസ നേട്ടവുമായി 83.44ൽ അവസാനിച്ചു, ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതാണ് രൂപയുടെ നേട്ടം കുറച്ചത്. തിങ്കളാഴ്ച രൂപയുടെ മൂല്യത്തിൽ പത്ത് പൈസയുടെ വർദ്ധനയുണ്ടായിരുന്നു.

Advertisement
Advertisement