കയറ്റുമതി സാദ്ധ്യതകൾ മുതലെടുക്കാൻ നൂറ് സഹകരണ സംഘങ്ങൾ

Wednesday 26 June 2024 12:41 AM IST

സഹകരണ വകുപ്പിന്റെ 12 ടൺ മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ വിദേശത്തേക്ക്

കൊച്ചി: കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാൻ സംസ്ഥാനത്തെ നൂറിലധികം സഹകരണ സംഘങ്ങൾ കൂടി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി. എൻ വാസവൻ പറഞ്ഞു. നിലവിൽ 30 സഹകരണ സംഘങ്ങളെയാണ് ഉത്പന്ന കയറ്റുമതിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ മൂന്ന് സഹകരണ സംഘങ്ങളുടെ 12 ടൺ മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്‌നർ കൊച്ചി വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ഫ്‌ളാഗ് ഒഫ് ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, യുറോപ്പ് തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി കാർഷിക മേഖലയ്ക്ക് ഉണർവാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളുടെ കയറ്റുമതി വളർച്ചയിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ആദ്യഘട്ടത്തിൽ മൂന്നു സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി​ അയച്ചത്. തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, കാക്കൂരിലെ ശീതികരിച്ചതും ഉണക്കിയതുമായ മരച്ചീനി, വാരപ്പെട്ടി സംഘത്തിന്റെ മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയാണ് കയറ്റുമതി ചെയ്യുന്നത്. കൂടുതൽ ഉത്പന്നങ്ങൾ അടുത്ത ഘട്ടത്തിൽ കയറ്റുമതി ചെയ്യും.

രണ്ട് കോടി സാമ്പത്തിക സഹായം

അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിലൂടെ നബാർഡിന്റെ സഹായത്തോടെ കേരള ബാങ്ക് പ്രാഥമിക സംഘങ്ങൾക്ക് ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ ഏഴ് വർഷത്തേക്ക് വായ്പ നൽകും. സർക്കാർ സബ്സിഡിയുമുണ്ട്. ഗോഡൗൺ, ശീതീകരണ സംവിധാനങ്ങൾ എന്നിയൊരുക്കുന്നതിനാണിത്. കയറ്റുമതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊച്ചിയിൽ ഓഫീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ഘട്ടം

  • ഏറാമല സംഘത്തിന്റെ തേങ്ങാപ്പാൽ
  • മറയൂർ ശർക്കര
  • മാങ്കുളം പാഷൻ ഫ്രൂട്ട്
  • അഞ്ചരക്കണ്ടി സംഘത്തിന്റെ തേങ്ങാപ്പാൽ, വെളിച്ചെണ്ണ
  • ആലങ്ങാടൻ ശർക്കര

കയറ്റുമതി സാദ്ധ്യതയുള്ളത്

420 ഉത്പന്നങ്ങൾ

Advertisement
Advertisement