ധീരജവാൻ വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി

Wednesday 26 June 2024 1:20 AM IST

പാലോട്: മാവോയിസ്റ്റ് സ്ഫോടനത്തിൽ ഛത്തിസ്ഗഢിലെ സുക്മയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് കോബ്ര യൂണിറ്റ് 201 ബറ്റാലിയനിലെ ധീരജവാൻ ആർ. വിഷ്ണുവിന് (35) ജന്മനാട് കണ്ണീരോടെ വിട നൽകി. ഇന്നലെ പുലർച്ചെ 1.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ഭൗതിക ശരീരം മേയർ ആര്യാ രാജേന്ദ്രൻ, ടി.സിദ്ദിഖ് എം.എൽ.എ, ആർ.ഡി.ഒ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് വിഷ്ണു പുതുതായി നിർമ്മിച്ച നന്ദിയോട് താന്നിമൂട്ടിലെ 'പനോരമ' എന്ന വീട്ടിലെത്തിച്ചു. ആറരയോടെ കുടുംബവീടായ ചെറ്റച്ചൽ ഫാം ജംഗ്ഷനിലെ അനിഴത്തിൽ കൊണ്ടുവന്നു. അച്ഛൻ രഘുവരൻ, അമ്മ അജിതകുമാരി, ഭാര്യ നിഖില, മക്കളായ നിർദേവ്, നിർവിൽ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കായില്ല.

10 മണിയോടെ നന്ദിയോട് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പൊതുദർശനം. തുടർന്ന് വിഷ്ണു പഠിച്ച നന്ദിയോട് എസ്.കെ.വി.എച്ച്.എസിലും പൊതുദർശനത്തിന് വച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവിടെയെത്തി ആദരാഞ്ജലിയർപ്പിച്ചു.

തുടർന്ന് പാലോട്ടെ പൊതുശ്മശാനമായ ശാന്തിതീരത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. മൂത്തമകൻ നിർവേദ് ചിതയ്ക്ക് തീ കൊളുത്തി. വിഷ്ണുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് വീട്ടിലടക്കം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി ജി.ആർ.അനിൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഡി.കെ.മുരളി എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ വിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Advertisement
Advertisement