ടി.പി.വധക്കേസിൽ ശിക്ഷ ഇളവിന് നീക്കം: അടിയന്തര പ്രമേയം അനുവദിച്ചില്ല; ഡയസിൽ ചാടിക്കയറാൻ ശ്രമം, പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ 22 മിനിട്ടിനുള്ളിൽ സഭ പിരിഞ്ഞു
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുവെന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആളിക്കത്തി.
'കൊല്ലാം, തോൽപിക്കാനാവില്ല', 'ടി.പിയെ കൊന്നുതള്ളിയിട്ടും സി.പി.എമ്മിനു പകയൊടുങ്ങുന്നില്ല' എന്നെഴുതിയ പ്ലക്കാർഡുകളുമായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സ്പീക്കർക്കു മുന്നിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നു.
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ മുൻവശത്തുകൂടി ഡയസിൽ ചാടിക്കയറാനും ശ്രമിച്ചു.ശൂന്യവേള തുടങ്ങി 22 മിനിട്ടിനുള്ളിൽ സഭ പിരിഞ്ഞു.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള ശ്രമം സമൂഹത്തിലുളവാക്കിയ ആശങ്ക സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ കെ.കെ. രമയാണ് നോട്ടീസ് നൽകിയത്. ശൂന്യവേളയിൽ സ്പീക്കർ നോട്ടീസ് വായിച്ചു. അതിനുള്ള നീക്കമില്ലെന്ന് ഇതിനകം വ്യക്തമായ സാഹചര്യത്തിൽ വിഷയത്തിന് അടിയന്തരപ്രാധാന്യമില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. നോട്ടീസ് റദ്ദാക്കുന്നതായും ഉപക്ഷേപമായി ഉന്നയിക്കാൻ അനുമതി നൽകാമെന്നും അറിയിച്ചു.
സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞതിൽ എതിർപ്പുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എഴുന്നേറ്റു. ശിക്ഷ ഇളവ് ചെയ്യുന്നതിൽ അഭിപ്രായം ചോദിച്ച് ജയിൽ സൂപ്രണ്ട് നൽകിയ കത്തിന്റെ പകർപ്പ് തങ്ങളുടെ പക്കലുണ്ട്. ഇളവു നൽകാനായി ബന്ധുക്കളോട് അഭിപ്രായം ആരാഞ്ഞെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ചർച്ച അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കർ ഇടപെട്ടു.സംസാരം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സതീശൻ കയർത്തു. പറ്റില്ലെന്ന നിലപാടിൽ സ്പീക്കർ ഉറച്ചുനിന്നു. നിങ്ങൾക്കു ഭയമാണെന്ന് സതീശൻ തിരിച്ചടിച്ചു.
ശ്രദ്ധക്ഷണിക്കലിന് കടകംപള്ളി സുരേന്ദ്രനെ സ്പീക്കർ ക്ഷണിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ പ്ളക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയത്.
ആദ്യത്തെ ശ്രദ്ധക്ഷണിക്കൽ കഴിഞ്ഞതോടെ സീറ്റുകളിലേക്ക് മടങ്ങാൻ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധം കടുപ്പിച്ചുകൊണ്ട് ചില അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. സ്പീക്കർ മന്ത്രി വീണാജോർജിനെ ധനാഭ്യർത്ഥന അവതരിപ്പിക്കാൻ ക്ഷണിക്കുകയും നടപടികൾ പൂർത്തിയാക്കി സഭ ഇന്നലത്തേയ്ക്ക്
പിരിയുകയും ചെയ്തു.