നിയമസഭ ജൂലായ് 11 ന് പിരിയും
തിരുവനന്തപുരം:ജൂൺ 10 ന് തുടങ്ങിയ നിയമസഭ ബഡ്ജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനം. പുതിയ തീരുമാന പ്രകാരം ജൂലായ് 11 ന് സമ്മേളനം സമാപിക്കും. ജൂലായ് 25 വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
പാർലമെന്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ ഉപ തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകാതെയുണ്ടാകാൻ സാദ്ധ്യതയുള്ളതും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിന് കാരണമായി. കേരളത്തിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് .ഇനി മുതൽ ധനാഭ്യർത്ഥന ചർച്ചകൾ ഒരു ദിവസം നാലും അഞ്ചും വകുപ്പിന്റേതു വീതം പരിഗണിക്കും. ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോയാൽ ഒരാഴ്ച കാത്തിരിക്കാതെ അടുത്ത ദിവസമോ അതിനടുത്ത ദിവസമോ മടങ്ങിയെത്തുന്ന വിധത്തിൽ ക്രമീകരിക്കാനും ധാരണയായി.
സെന്റ് തോമസ്
ദിനത്തിൽ ചേരില്ല
സെന്റ് തോമസ് ദിനമായ ജൂലായ് മൂന്നിന് നിശ്ചയിച്ച നിയമസഭാ സമ്മേളനം ഒഴിവാക്കും. നേരത്തെ തയ്യാറാക്കിയ ഷെഡ്യൂളിൽ അന്നും സഭ ചേരാൻ തീരുമാനിച്ചിരുന്നു.