പ്ളസ് വൺ: മലപ്പുറത്ത് അധിക ബാച്ച് വരും,​ അനുമതി താത്‌കാലികം

Wednesday 26 June 2024 1:36 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സിയ്‌ക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുപോലും പ്ളസ് വണ്ണിന് പ്രവേശനം കിട്ടാതെ വന്ന മലപ്പുറം ജില്ലയിൽ താത്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനം. സർക്കാർ സ്കൂളുകൾക്കാവും മുൻഗണന.

എവിടെയെല്ലാം എത്ര ബാച്ചുകൾ അനുവദിക്കണമെന്ന് റിപ്പോർട്ട് നൽകാൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.

വിദ്യാഭ്യാസ ജോയിന്റ് ഡയറക്‌ടറും (അക്കാഡമിക്)​ മലപ്പുറം ആർ.ഡി.ഡിയുമാണ് സമിതി അംഗങ്ങൾ. ജൂലായ് അഞ്ചിനകം റിപ്പോർട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും

വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയ്ക്കുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

7,​478 സീറ്റുകളാണ് മലപ്പുറത്ത് ആവശ്യം.ജൂലായ് 31 നകം അഡ്മിഷൻ അവസാനിപ്പിക്കും.ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്സ് നൽകും. ജൂലായ് രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. എട്ട്,​ ഒൻപത് തീയതികളിൽ അഡ്മിഷൻ നടക്കും.താലൂക്കടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടത്തണമെന്ന സംഘടനകളുടെ ആവശ്യം വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം പരിഗണിക്കും. കാസർകോ‌ട് 252,​ പാലക്കാട് 1757 എന്നിങ്ങനെ സീറ്റുകളുടെ കുറവുണ്ട്. സപ്ളിമെന്ററി അലോട്ട്മെന്റോടെ ഇതിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.

 കമ്മിഷനെ തള്ളി ലീഗ്

പ്രതിസന്ധി പഠിക്കാൻ മലപ്പുറത്ത് രണ്ടംഗ കമ്മിഷനെ നിയമിച്ചത് അനാവശ്യ നടപടിയെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നടപടി ജില്ലയെ അപമാനിക്കുന്നതാണ്. സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ സമർപ്പിച്ച് കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനുകളെ നിയോഗിക്കുന്നതിൽ അർത്ഥമില്ല. നേരത്തെ നിയോഗിച്ച കാർത്തികേയൻ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കിയാൽ മലപ്പുറത്തെ പ്രശ്നം പരിഹരിക്കാം.

മലപ്പുറത്തെ

പ്രവേശനം

ആകെ അപേക്ഷ............................................... 82466,​

□മറ്റു ജില്ലകളിൽ പ്രവേശനം നേടിയവർ....... 4,352

□ബാക്കി അപേക്ഷ.............................................. 78,​114

□അലോട്ട്മെന്റ് എടുക്കാത്തവർ.......................7,​054

□ബാക്കി.................................................................. 71,​060

□പ്രവേശനം ലഭിച്ചവർ........................................53,​762

□പ്രവേശനം കിട്ടാത്തവർ....................................17,​298

□കൈവശമുള്ള സീറ്റുകൾ.....................................9,​820

□കുറവുള്ള സീറ്റ്.....................................................7,​478

'അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ അഡ്മിഷൻ ഉറപ്പു വരുത്തുമെന്ന സർക്കാർ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു.'
-പി.എം ആർഷോ,
സംസ്ഥാന സെക്രട്ടറി
എസ്.എഫ്.ഐ

'സർക്കാരിന്റെ കണക്കുകളിൽ അവ്യക്തതയുണ്ട്. പതിനായിരത്തിലേറെ സീറ്റുകൾ

ഇനിയും ആവശ്യമായി വരും.'

-അലോഷ്യസ് സേവ്യർ,

സംസ്ഥാന പ്രസിഡന്റ്

കെ.എസ്.യു.

'സർക്കാർ മേഖലയിൽ മാത്രമേ ബാച്ചുകൾ അനുവദിക്കാവൂ. അല്ലാത്തപക്ഷം വിദ്യാഭ്യാസ കച്ചവടത്തിന് ഇടയാക്കും.'

-ആർ.എസ്. രാഹുൽരാജ്

സംസ്ഥാന പ്രസിഡന്റ്

എ.ഐ.എസ്.എഫ്

'90 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പതിനയ്യായിരം സീറ്റുകൾ കുറവുണ്ട്.'

-അഷർ പെരുമുക്ക്

സംസ്ഥാന ട്രഷറർ

എം.എസ്.എഫ്