ജില്ലയിലെ ബാങ്ക് വായ്പയില്‍ 852 കോടിയുടെ വര്‍ദ്ധന

Wednesday 26 June 2024 12:41 AM IST

മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 55,318 കോടിയും മൊത്തം വായ്പ 36,916 കോടിയുമാണെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ വായ്പയിൽ 852 കോടിയുടെ വർദ്ധനയാണ് ഉണ്ടായത്. നിക്ഷേപത്തിൽ 12,893 കോടി പ്രവാസികളുടേതാണ്. വായ്പാ നിക്ഷേപ അനുപാതം 66.73 ശതമാനമാണ്. കൂടുതൽ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീൺ ബാങ്ക് (77.36 ശതമാനം), കനറാ ബാങ്ക് (75.85), എസ്.ബി.ഐ (45.06), ഫെഡറൽ ബാങ്ക് (31.59), സൗത്ത് ഇന്ത്യൻ ബാങ്ക് (40.54).

വാർഷിക വായ്പാ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജില്ലയുടെ നേട്ടം 111 ശതമാനമാണെന്ന് യോഗം വിലയിരുത്തി. 18,800 കോടി ലക്ഷ്യമിട്ടതിൽ 20,955 കോടി നൽകാനായി. മുൻഗണനാ മേഖലയിലെ നേട്ടം 114 ശതമാനമാണ്. 15095 കോടിയുടെ വായ്പകൾ അനുവദിച്ചു. മറ്റു വിഭാഗങ്ങളിലെ വായ്പകൾ 5860 കോടി രൂപ. നേട്ടം 105 ശതമാനം.

ജില്ലയിൽ 716 ബാങ്ക് ശാഖകൾ, 682 എ.ടി.എം.സി.ഡി.എമ്മുകൾ

ജില്ലയിൽ 716 ബാങ്ക് ശാഖകളുടെ ശക്തമായ ശൃംഖലയുണ്ട്. 184 പൊതുമേഖല, 183 സ്വകാര്യമേഖല, 95 ഗ്രാമീൺ, 58 സ്മാൾ ഫിനാൻസ്, 195 സഹകരണ മേഖല, ഒരു പോസ്റ്റൽ പേയ്‌മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകൾ. പുറമെ തുടർച്ചയായ കസ്റ്റമർ സർവീസിനു 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും പ്രവർത്തിക്കുന്നുണ്ട്.

Advertisement
Advertisement