ആനപ്പുറത്തു കയറി ഗതാഗത കുരുക്ക് :പാപ്പാൻ കസ്റ്റഡിയിൽ

Wednesday 26 June 2024 12:04 AM IST

തൃശൂർ : ആനപ്പുറത്ത് പാപ്പാൻ, സ്വരാജ് റൗണ്ടിൽ നടന്നും നിന്നും അലക്ഷ്യമായി ആന. പിറകിൽ നീണ്ട ഗതാഗത കുരുക്കിൽ വണ്ടികൾ. വടക്കുന്നാഥ ക്ഷേത്രത്തിന് സമീപം ഗതാഗത കുരുക്കേറിയതോടെ ആന ഇടഞ്ഞതാണോയെന്ന സംശയത്തിൽ പൊലീസ് പിറകെ കൂടി. ഒടുവിൽ പാപ്പാൻ സിയാദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുറ്റ്യാടി സ്വദേശിയുടെ കടയ്കച്ചാൽ ഗണേശൻ എന്ന മോഴ ആനയാണ് പ്രശ്നമുണ്ടാക്കിയത്. വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയ ആന എം.ജി റോഡ് വഴി പഴയനടക്കാവിലേക്ക് കയറി. അവിടെ നിന്ന് കുറുപ്പം റോഡിലേക്കും.

ഒരു മണിക്കൂറോളം പരിഭ്രാന്തിയായി. പൊലീസെത്തി ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശിച്ചു. പാപ്പാൻ ചെവി കൊള്ളാത്തതോടെ ആശങ്കയായി. ഈസ്റ്റ്, ട്രാഫിക് പൊലീസ് സംഘങ്ങളെത്തി പൊലീസ് അകമ്പടിയോടെ കൂർക്കഞ്ചേരിയിലെ ഉടമയുടെ വീട്ടിലേക്ക് ആനയെ മാറ്റി. പാപ്പാൻ ലഹരി ഉപയോഗിച്ചതായി സൂചനയുണ്ട്.

ഗതാഗതക്കുരുക്കായതോടെ യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനാണ് വന്നതെന്ന് കരുതുന്നു.