ലാസ്റ്റ് മിനിട്ടിൽ ഇറ്റലിയുടെ ഇടിവെട്ട്,ക്രൊയേഷ്യയ്ക്ക് ഇൻജുറി 

Wednesday 26 June 2024 12:07 AM IST

ഇറ്റലിയോ‌ട് സമനിലയിൽ പിരിഞ്ഞ ക്രൊയേഷ്യയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ മങ്ങി

ലെയ്പ്സിഗ് : അവസാന നിമിഷം വരെ വിജയിച്ചുനിന്ന ക്രൊയേഷ്യയ്ക്ക് മേൽ ഇടിമിന്നലുപോലെ പതിച്ച ഇൻജുറി ടൈം ഗോളിന് സമനില പിടിച്ച ഇറ്റലി യൂറോ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി സമനില ഉറപ്പാക്കി. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിലും വിറയിക്കാൻ കഴിയാതിരുന്ന ക്രൊയേഷ്യയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴുകയും ചെയ്തു.

കഴിഞ്ഞരാത്രി ലെയ്പ്സിഗിൽ നടന്ന മത്സരത്തിൽ 55-ാം മിനിട്ടിൽ നായകൻ ലൂക്കാ മൊഡ്രിച്ചിലൂടെ നേടിയ ഗോളിന് മുന്നിട്ടുനിന്ന ക്രൊയേഷ്യയെ എട്ട് മിനുട്ട് ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ മാറ്റിയ സാക്കാഗ്നി നേടിയ ഗോളിനാണ് ഇറ്റലി സമനിലയിൽ പിടിച്ചത്. ഗ്രൂപ്പിലെ മൂന്ന് കളികളിൽ ഓരോ വിജയവും തോൽവിയും സമനിലയുമായി നാലുപോയിന്റുകൾ നേടിയാണ് ഇറ്റലി രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. മൂന്ന് കളികളും ജയിച്ച സ്പെയ്നാണ് 9 പോയിന്റുമായി ഒന്നാമത്. രണ്ട് സമനിലകളും ഒരു തോൽവിയുമായി രണ്ട് പോയിന്റുള്ള ക്രാെയേഷ്യ മൂന്നാമതാണ്. ആറ് ഗ്രൂപ്പുകളിൽ നിന്നുമായി മികച്ച നാല് മൂന്നാം സ്ഥാനക്കാർക്ക് മാത്രമാണ് പ്രീ ക്വാർട്ടറിലേക്ക് വാതിൽ തുറക്കുക എന്നതിനാൽ ക്രൊയേഷ്യ പ്രീ ക്വാർട്ടറിലെത്തുക വളരെ പ്രയാസവുമാണ്. ഇരു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നതിനാൽ ക‌ടുത്ത പോരാട്ടമാണ് ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കണ്ടത്. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. 53-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ലൂക്കാ മൊഡ്രിച്ച് എടുത്തത് ഇറ്റാലിയൻ ഗോളി ഡോണറുമ്മ തട്ടിയകറ്റിയിരുന്നു. എന്നാൽ രണ്ട് മിനിട്ടിനകം ലൂക്കാ മൊഡ്രിച്ചുതന്നെ ഗോൾ നേടി ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ സാക്കാഗ്നി ഗോൾ നേടുന്നതുവരെ ക്രൊയേഷ്യ പ്രതീക്ഷയിലായിരുന്നു.

അടിയും തിരിച്ചടിയും

1-0

55-ാം മിനിട്ട്

ലൂക്കാ മൊഡ്രിച്ച്

ബോക്സിലേക്ക് വന്ന പന്ത് അന്റേ ബുദ്നിർ വലയിലേക്ക് തൊടുത്തെങ്കിലും ഇറ്റാലിയൻ ഗോളി ഡോണറുമ്മ തട്ടിമാറ്റി. എന്നാൽ ഈ പന്ത് നേരേ വന്നത് മൊഡ്രിച്ചിന്റെ കാലുകളിൽ. നിമിഷാർദ്ധം പോലും പാഴാക്കാതെ മൊഡ്രിച്ച് പന്ത് വലയിലാക്കി തൊട്ടുമുമ്പ് പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പ്രായാശ്ചിത്തം ചെയ്തു.

1-1

90+8-ാം മിനിട്ട്

മാറ്റിയ സാക്കാഗ്നി

പന്തുമായി പ്രതിരോധത്തെ വെട്ടിച്ച് ഓടിക്കയറിയ കാലഫിയോറി നൽകിയ പാസാണ് ക്രൊയേഷ്യക്കാരുടെ നെഞ്ചകം തകർത്ത ഷോട്ടിലൂടെ സാക്കാഗ്നി വലയുടെ മുകൾ മൂലയിലേക്ക് അടിച്ചുകയറ്റിയത്. കഴിഞ്ഞ മത്സരത്തിൽ സെൽഫ് ഗോൾ വഴങ്ങിയതിനുള്ള കാലഫിയോറിയുടെ പ്രയാശ്ചിത്തമായിരുന്നു ഇന്നലത്തെ സമനില ഗോളിന്റെ അസിസ്റ്റ്.

പ്രായമേറിയ ഗോൾ

യൂറോ കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രൊയേഷ്യൻ ക്യാപ്ടൻ ലൂക്കാ മൊഡ്രിച്ച്. 38വർഷവും 289 ദിവസവും പ്രായമുള്ളപ്പോഴാണ് ലൂക്ക ഇറ്റലിക്കെതിരെ സ്കോർ ചെയ്തത്.

2

ഈ യൂറോകപ്പിൽ ഇത് രണ്ടാം തവണയാണ് ഇറ്റലി പിന്നിട്ടുനിന്ന ശേഷം തോൽവി ഒഴിവാക്കുന്നത്. അൽബേനിയയ്ക്ക് എതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം 2-1ന് ജയിച്ചിരുന്നു.

2004

ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യയ്ക്ക് ഗ്രൂപ്പ് റൗണ്ടിലെ ഒരു മത്സരത്തിൽ പോലും ജയിക്കാനാകാതെ പോകുന്നത്.

സങ്കടമായി ലൂക്ക

മത്സരത്തിലെ പ്ളേയർ ഒഫ് ദ മാച്ചിനായുള്ള ട്രോഫി ഏറ്റുവാങ്ങിയെങ്കിലും വിജയം കൈവിട്ടുപോയതിന്റെ സങ്കടത്തിലായിരുന്നു ക്രൊയേഷ്യൻ ക്യാപ്ടൻ ലൂക്ക മൊഡ്രിച്ച്. മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും തൊട്ടുപിറകെ ഗോളടിച്ച് ടീമിനെ മുന്നിലെത്തിച്ച ലൂക്ക 81-ാം മിനിട്ടിൽ കരയ്ക്ക് കയറിയിരുന്നു. വിജയപ്രതീക്ഷയുമായി ഡഗ്ഔട്ടിലിരുന്ന ലൂക്ക അവസാന നിമിഷം തോൽവി വഴങ്ങിയതോടെ വിങ്ങിത്തുടങ്ങിയിരുന്നു. മത്സരശേഷം ഇറ്റാലിയൻ ഗോളി ഡോണറുമ്മ ലൂക്കയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. 39-ാം വയസിലേക്ക് കടക്കുന്ന ലൂക്കയുടെ അവസാന യൂറോകപ്പായിരിക്കുമിത് എന്നാണ് കരുതുന്നത്.

Advertisement
Advertisement