ഗൾഫിൽ സ്കൂളടയ്ക്കുന്നത് നോക്കിയിരിക്കുന്ന ചിലരുണ്ട്,​ ലാഭം കൊയ്യുന്നത് നാലിരട്ടി

Wednesday 26 June 2024 12:20 AM IST

മലപ്പുറം: മദ്ധ്യവേനൽ അവധിക്ക് യു.എ.ഇയിലെ സ്കൂളുകൾ അടയ്ക്കുന്നത് മുന്നിൽ കണ്ട് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടി വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. പെരുന്നാളിലെ കൊള്ളയ്ക്ക് പിന്നാലെയാണ് വീണ്ടും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്രവാസി കുടുംബങ്ങൾ ഏറെയുള്ള യു.എ.ഇയിൽ ഈ മാസം 28ന് സ്കൂളുകൾ അടയ്ക്കും. ആഗസ്റ്റ് 26ന് തുറക്കും. യു.എ.ഇയിൽ കൊടുംചൂടായതിനാൽ കൂടുതൽ പേർ നാട്ടിലേക്ക് വരുന്നുണ്ട്.

എയർഇന്ത്യ എക്സ്പ്രസിൽ നാലംഗ കുടുംബത്തിന് ദുബായിൽ നിന്ന് കേരളത്തിൽ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം. 45,000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. അതേസമയം,​ കേരളത്തിൽ നിന്ന് ദുബായിലേക്ക് 11,​000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ളത് യു.എ.ഇയിലാണ്. ദുബായ്,​ ഷാർജ്ജ,​ അബുദാബി എമിറേറ്റ്സുകളിലാണ് കൂടുതൽ മലയാളി കുടുംബങ്ങളുള്ളത്. യു.എ.ഇയിലേക്ക് ഒരുമാസം ഇന്ത്യയിൽ നിന്ന് 2.60 ലക്ഷം പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഈ സമയത്ത് സീസണിൽ നാല് ലക്ഷത്തോളം യാത്രക്കാരുണ്ടാവും. സീസണിൽ അധിക സർവീസുകൾ തുടങ്ങണമെന്ന പ്രവാസികളുടെ നിരന്തര ആവശ്യം കാലങ്ങളായി പരിഗണിക്കപ്പെടുന്നില്ല.

ഈ മാസം 28 മുതലുള്ള നിരക്ക് (എയർ ഇന്ത്യ എക്സ്പ്രസ്)

ദുബായ് - കോഴിക്കോട് ............................... 42,000 - 45,​000

കോഴിക്കോട് -ദുബായ് ................................ 11,​000 - 13,000

അബുദാബി - കോഴിക്കോട് ........................ 35,000 - 37,000

കൊച്ചി - അബുദാബി .................................. 8,500 - 9,700

ഷാർജ - കോഴിക്കോട് ................................... 42,500 - 45,000

കോഴിക്കോട്- ഷാർജ .................................... 11,500 - 13,500

അൽഐൻ -കോഴിക്കോട് ............................ 32,​500 - 34,​700

കോഴിക്കോട് - അൽഐൻ ........................... 12,​000 - 14,​000

Advertisement
Advertisement