ആലപ്പുഴയിൽ പക്ഷിപ്പനി: ഇന്നെത്തും കൊല്ലത്ത് നിന്ന് റാപ്പിഡ് റെസ്പോൺസ് ടീം
കൊല്ലം: ആലപ്പുഴയിൽ പടർന്നുപിടിച്ച പക്ഷിപ്പനി അമർച്ച ചെയ്യാൻ കൊല്ലത്ത് നിന്ന് വെറ്ററിനറി സർജന്മാർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം ഇന്നെത്തും. പക്ഷിപ്പനി പ്രതിരോധവും വളർത്ത് പക്ഷികളെ കൊന്ന് നശിപ്പിക്കുകയുമാണ് ചുമതല.
ഇതിനായി പത്ത് വെറ്ററിനറി ഡോക്ടർമാർ, 20 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, 20 അറ്റൻഡർമാർ ഉൾപ്പെട്ട പത്ത് റാപ്പിഡ് റെസ്പോൺസ് ടീമിനെയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ സംഘത്തിന്റെ ഡ്യൂട്ടി ആരംഭിക്കും.
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ 24 ഓളം ഇടങ്ങളിലാണ് പക്ഷിപ്പനി പടർന്നുപിടിച്ചിരിക്കുന്നത്. ഇതിൽ 16 ഇടങ്ങളിൽ കള്ളിംഗും അണുനശീകരണവും പൂർത്തിയായി. പുതുതായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിടത്താണ് ഇനി കള്ളിംഗ് അവശേഷിക്കുന്നത്.
ഒരു സംഘത്തിൽ - 5 പേർ
ആകെ - 10 സംഘം
പക്ഷിപ്പനി പുതുതായി റിപ്പോർട്ട് ചെയ്തത്
ചേന്നംപള്ളിപ്പുറം (4 കേന്ദ്രങ്ങൾ)
മാരാരിക്കുളം സൗത്ത് (1)
തണ്ണീർമുക്കം (1)
ചേർത്തല മുനിസിപ്പാലിറ്റി (1)
പുലിയൂർ സെൻട്രൽ ഹാച്ചറി (1)
ആലപ്പുഴ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ അംഗബലം മതിയാവാതെ വന്നതോടെയാണ് അയൽ ജില്ലകളുടെ സഹായം തേടിയത്. കള്ളിംഗ് ഒപ്പറേഷനിൽ പങ്കെടുക്കുന്നവർ ഡ്യൂട്ടിക്ക് ശേഷം പത്ത് ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം.
ഡോ. ഡി.ഷൈൻകുമാർ
കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ