ട്വന്റി-20യും വിട്ട് വാർണർ

Wednesday 26 June 2024 12:25 AM IST

ബ്രിഡ്ജ്ടൗൺ : ഇന്ത്യയോട് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ട്വന്റി-20 ഫോർമാറ്റിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഓപ്പണറായി തിളങ്ങിയ വാർണർ 2015,2023 ഏകദിന ലോകകപ്പുകളും 2021ലെ ട്വന്റി-20 ലോകകപ്പും നേടിയ ഓസ്‌ട്രേലിയൻ ടീമുകളിൽ അംഗമായിരുന്നു. 2021 ലോകകപ്പിലെ പ്ളേയർ ഒഫ് ദ ടൂർണമെന്റും വാർണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഓസീസ് കുപ്പായത്തിൽ സ്വന്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ 2023 ഏകദിന ലോകകപ്പ് ഫൈനലാണ് അവസാനത്തെ ഏകദിനമത്സരം. 2023 ലോകകപ്പിൽ 11 കളികളിൽ നിന്നായി 535 റൺസാണ് താരം നേടിയത്. ഈ ട്വന്റി-20 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 178 റൺസാണ് നേടിയത്.

2009ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ട്വന്റി-20 യിലെ അരങ്ങേറ്റം. ഒന്നരപ്പതിറ്റാണ്ടോളം ഓസീസിന്റെ നെടുംതൂണായി വാർണറുണ്ടായിരുന്നു. 112 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8786 റൺസെടുത്ത വാർണർ ഏകദിനത്തിൽ 161 മത്സരങ്ങളിൽ നിന്നായി 6932 റൺസുംട്വന്റി-20യിൽ 110 മത്സരങ്ങളിൽ നിന്ന് 3277റൺസുമെടുത്തു.

ഈ ജനുവരിയിൽ പാകിസ്ഥാനെതിരെ സിഡ്നിയിൽ തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ചാണ് 37കാരനായ വാർണർ കളി മതിയാക്കിയത്.

Advertisement
Advertisement