പാകിസ്ഥാനിൽ ജോലി ചെയ്താൽ ശത്രുവാകില്ല: ഹൈക്കോടതി

Wednesday 26 June 2024 2:36 AM IST

കൊച്ചി:ഇന്ത്യൻ പൗരൻ പാകിസ്ഥാനിൽ ജോലി ചെയ്തതുകൊണ്ട് അയാളെ ശത്രുവായി കാണാനോ അയാളുടേത് ശത്രുസ്വത്തായി മുദ്രകുത്താനോ ആകില്ലെന്ന് ഹൈക്കോടതി. പിതാവ് പാകിസ്ഥാനിൽ ജോലി ചെയ്തതിന്റെ പേരിൽ തന്റെ വസ്തുവിന്റെ ഒരു ഭാഗം ശത്രുസ്വത്തായി കണ്ട് കരമെടുക്കാൻ അധികൃതർ വിസമ്മതിച്ചതിനെതിരെ പരപ്പനങ്ങാടി പുലികുത്തിപ്പറമ്പിൽ പി. ഉമ്മ‌ർകോയ ( 74)സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ നിരീക്ഷണം. പിതാവിന്റെ പേരിലുണ്ടായിരുന്നു വസ്തുവിന്റെ കരം സ്വീകരിക്കാനും ബെഞ്ച് ഉത്തരവിട്ടു.

ഹ‌ർജിക്കാരന്റെ പിതാവ് പി. കുഞ്ഞിക്കോയ 1953ൽ പാകിസ്ഥാനിലെ കറാച്ചിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. നാട്ടിൽ തിരിച്ചെത്തി 1995ൽ 93-ാം വയസിൽ മരിച്ചു. കബറടക്കിയത് പരപ്പനങ്ങാടി പള്ളി കബർസ്ഥാനിലാണ്. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മകൻ ഉമ്മർകോയ ബന്ധുക്കളുടെയടക്കം വസ്തു വാങ്ങി. ഇതിന് കരമടയ്ക്കുകയും ചെയ്തിരുന്നു. 2022-23ലെ കരം വില്ലേജിൽ സ്വീകരിച്ചില്ല. ശത്രുസ്വത്തുക്കൾ സംബന്ധിച്ച് ഡൽഹിയിലെ കസ്റ്റോഡിയൻ ഒഫ് എനിമി പ്രോപ്പർട്ടി എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ അന്വേഷണത്തിൽ ഹർജിക്കാരന്റെ വസ്തുവും ഉൾപ്പെട്ടതാണ് കാരണം. തുടർന്നാണ് ഉമ്മർകോയ ഹൈക്കോടതിയെ സമീപിച്ചത്.

പിതാവ് കുഞ്ഞിക്കോയ പാകിസ്ഥാൻ പൗരനായിരുന്നുവെന്ന ധാരണയിലായിരുന്നു നടപടികൾ. പാകിസ്ഥാനിൽ പോയതിന് കുഞ്ഞിക്കോയയെ പൊലീസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു.വ്യക്തത തേടിയുള്ള അപേക്ഷയിൽ, കുഞ്ഞിക്കോയ ഇന്ത്യൻ പൗരനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നു ഹർജിക്കാരൻ വിശദീകരിച്ചു.
ഇതെല്ലാം കണക്കിലെടുത്ത കോടതി, ഹർജിക്കാരന്റെ പിതാവ് ഇന്ത്യയുടെ ശത്രുവെന്ന നിർവചനത്തിൽ വരില്ലെന്നു വിലയിരുത്തി. കുഞ്ഞിക്കോയ പാകിസ്ഥാൻ പൗരത്വം സ്വീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരനായിത്തന്നെയാണ് മരിച്ചത്. അതിനാൽ കുഞ്ഞിക്കോയയുടെ പേരിലുള്ള ഭൂമി ശത്രുവിന്റെ ഭൂമിയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisement
Advertisement