സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Wednesday 26 June 2024 7:12 AM IST

കോട്ടയം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യയുണ്ടെന്നാണ് അറിയിപ്പ്.

കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ അങ്കണവാടികൾ പ്രൊഫഷൻ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കളക്ടര്‍ വി വിഗ്‌നേശ്വരിയാണ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്കും നിരോധനം ഏർപ്പെടുത്തി. ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നതിനാൽ മുതിരപ്പുഴയാ‍ർ, പെരിയാ‍ർ തീരങ്ങളിലുളളവ‍ർ ജാഗ്രത പാലിക്കാൻ നി‍‍ർദ്ദേശം നൽകിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാദ്ധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
Advertisement
Advertisement