"ഫോണിന്റെ തുമ്പത്ത് രണ്ട് റിംഗ് അടിച്ചാൽ കിട്ടുന്നയാളാണ്, അദ്ദേഹത്തെപ്പറ്റി ഗണേശ് കുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു"

Wednesday 26 June 2024 11:23 AM IST

തനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ചെറുപ്പം തൊട്ട് രാഷ്ട്രീയമുള്ളയാളാണ് താനെന്നും അത് താൻ വിടില്ലെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇടവേള ബാബു പോകുന്നതിനെപ്പറ്റിയും ധർമജൻ പ്രതികരിച്ചു. 'ഇടവേള ബാബു ചേട്ടൻ ഇറങ്ങുകയെന്ന് പറഞ്ഞാൽ അമ്മയുടെ ചെറിയ ഒരു ഭാഗം പോണതുപോലെയാണ്. ഫോണിന്റെ തുമ്പത്ത് രണ്ട് റിംഗ് അടിച്ചാൽ കിട്ടുന്നയാളാണ്. പകരം വരുന്ന സ്ഥാനാർത്ഥികളുണ്ട്. സിദ്ദിഖ് ഇക്ക, കുക്കുപരമേശ്വരൻ അങ്ങനെ രണ്ട് മൂന്ന് പേരുണ്ട്. മാറ്റം നല്ലതാണ്. ഇരുപത്തിയഞ്ച് വർഷമായി ഇത്രയും പണിയെടുത്തയാളെ നമ്മൾ കുറ്റം പറയരുത്. ഗണേശ് കുമാർ ബാബു ചേട്ടനെ കുറ്റം പറഞ്ഞു.

ഗണേശ് കുമാർ, വളരെ അടുത്ത ബന്ധമുള്ളയാളൊക്കെയാണ്. പക്ഷേ അങ്ങനെയൊക്കെ കുറ്റം പറയുന്നത് എനിക്കിഷ്ടമില്ല. അങ്ങനെയൊന്നും പറയാൻ പാടില്ല. സുരേഷ് ഗോപിയെപ്പറ്റി പറയാൻ പാടില്ല. ഗണേശേട്ടനെ ഭയങ്കര ഇഷ്ടമുള്ളയാളാണ്.

തൃശൂർ മത്സരിച്ച മൂന്ന് പേരും ജ്യേഷ്ഠന്മാരാണ്. എനിക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളതുകൊണ്ട് സുരേഷ് ഗോപിക്ക് വേണ്ടിയും സുനിൽ കുമാറിന് വേണ്ടിയും പറയാൻ പറ്റില്ല. പറയാൻ പറ്റുന്നത് മുരളീധരന് വേണ്ടിയാണ്. അത് ഞാൻ പറഞ്ഞു. മണ്ഡലത്തിൽ തോൽക്കും ജയിക്കും. ഞാനും തോറ്റല്ലോ. പക്ഷേ സുരേഷ് ഗോപിയുടെ വിജയം സിനിമാക്കാരുടെ വിജയമാണ്. ആ മണ്ഡലത്തിലെ ആൾക്കാരുടെ വിജയമാണ്. ആ മണ്ഡലത്തിലുള്ള എല്ലാവരുടെയും നല്ലതിനുവേണ്ടിയായിട്ടാണ് ഞാൻ കാണുന്നത്. മുരളി ചേട്ടൻ എന്നുപറഞ്ഞാൽ എവിടെ നിർത്തിയാലും മുളയ്ക്കുന്ന വിത്താണ്. സുനിൽ കുമാറും എവിടെ നട്ടാലും മുളയ്ക്കുന്ന വിത്താണ്. മൂന്ന് പേരെയും കൂടെ ഒരേ മണ്ഡലത്തിൽ ഇട്ടതാണ് പ്രശ്നമായത്. മൂന്ന് പേരെയും വേറേ വേറെ മണ്ഡലത്തിലാണെങ്കിലൽ മൂന്ന് പേരും ജയിച്ചേനെ.'- ധർമജൻ പറഞ്ഞു.

അമ്മയിൽ അങ്ങനെ രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്ന് ധർമജൻ പറഞ്ഞു. സംഘടനയിലെ തിരഞ്ഞെടുപ്പിൽ ആകെ വിഷമം ഇടവേള ബാബു മാറിയത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ധർമ്മജൻ ബോൾഗാട്ടിയുടെ വിവാഹ വാർത്തയും വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയെ തന്നെയാണ് അദ്ദേഹം ഔദ്യോഗികമായി വിവാഹം ചെയ്‌തത്. മക്കളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

Advertisement
Advertisement