പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; സൗദിയിലെ ബാർബർ  ഷോപ്പുകളിൽ വന്നത് വലിയ മാറ്റം

Wednesday 26 June 2024 12:00 PM IST

റിയാദ്: സൗദി അറേബ്യയിലെ ബാർബർ ഷോപ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി റിപ്പോർട്ട്. ടാനിംഗ്, ടാറ്റൂ, ലേസർ, അക്യുപംഗ്‌ചർ എന്നിവയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങൾ ബാർബർ ഷോപ്പുകളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

സൗദി ഡ്രഗ് ആൻഡ് ഫുഡ് അതോറിറ്റിയും (എസ്‌ഡിഎഫ്എ) ആരോഗ്യ മന്ത്രാലയവുമാണ് ഈ ഉത്തരവ് പുറത്തുവിട്ടതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഇത്തരം കടകളെ വിലക്കുന്നതിനാണ് ഈ നടപടി. കൂടാതെ ബ്രാൻഡ് അല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എസ്‌ഡിഎഫ്എ നൽകുന്ന നിർദേശങ്ങളും ഇനി മുതൽ പാലിക്കണം.

കുട്ടികളുടെ മുടി മുറിക്കുന്ന ഷോപ്പിൽ അവർക്കായി പ്രത്യേക സീറ്റുകൾ നൽകണമെന്നും നിർദേശമുണ്ട്. ഒപ്പം അവിടെത്തെ തൊഴിലാളികൾ എല്ലാം പുരുഷന്മാർ മാത്രമായിരിക്കണം. ബാർബർഷോപ്പികളിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമുണ്ടെങ്കിലും കുട്ടികളുടെ മുടി മുറിക്കാൻ അവർക്ക് അനുവാദമില്ല.

അധികാരികളിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടാതെ ബാർബർ ഷോപ്പ് ജീവനക്കാർ വീട്ടിലെത്തി സേവനങ്ങൾ നൽകാൻ പാടില്ലെന്നും എസ്‌ഡിഎഫ്എ അറിയിച്ചു. മുഖത്തോ തലയിലോ ഒഴികെയുള്ള മുടി നീക്കം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയം തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം ജീവനക്കാർ സ്വന്തം വീടുകളിൽ ബാർബർ ഷോപ്പ് തുടങ്ങാൻ അനുവാദമില്ല. കൂടാതെ ഷോപ്പുകളിൽ മുടി മുറിക്കുന്ന ഉപകരണങ്ങൾ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് വേണം നിർമ്മിക്കാൻ. അവ വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

Advertisement
Advertisement