ജീവിതം നിന്നുപോയില്ല,​ കാഴ്ചയില്ലെങ്കിലും വിജയിക്കാമെന്ന് ആശാലത തെളിയിച്ചു; അദ്ധ്യാപികയായ ഇൻഫ്ളുവൻസർക്ക് പറയാൻ ഏറെയുണ്ട്

Wednesday 26 June 2024 12:15 PM IST

കാഴ്ചയുടെ ലോകം അന്യമായിരുന്ന ഹെലൻ കെല്ലറിന് മൂന്ന് ദിവസത്തേക്ക് ലോകം കാണാനുളള അവസരം ലഭിക്കുകയാണെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന് പദ്ധതിയിട്ടതിനെക്കുറിച്ചുളള പുസ്‌തകം (ത്രീ ‌ ഡെയ്‌സ് ടു സി) വായിച്ചവരാണ് നമ്മൾ. പാതിവഴിയിൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾക്കൊണ്ട് നിരാശപ്പെട്ടുപ്പോയവർക്ക് ഒരുപോലെ ആത്മവിശ്വാസവും പ്രചോദനവും പകർന്ന ജീവിതമായിരുന്നു ഹെലന്റേത്. ഒരു കാലത്ത് അമേരിക്കൻ വംശജയായ ഹെലൻകെല്ലറാണ് ലോകമെമ്പാടുമുളളവർക്ക് ഊർജമായി മാറിയതെങ്കിൽ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലും അത്തരത്തിലുളള ഒരു വ്യക്തിയുണ്ട്.

കാഴ്ചാപരിമിതിയുളള സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ ആശാലതയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വൈറലായി മാറിയ ഈ കാസർകോട്ടുകാരിയുടെ വിശേഷങ്ങൾ തേടിപ്പോയപ്പോൾ കേരളകൗമുദി ഓൺലൈനിന് ലഭിച്ച സന്ദേശങ്ങൾ വിവരിക്കുന്നതിലുമപ്പുറമായിരുന്നു. കുറച്ച് പരിമിതിയുളളവരെപ്പോലും ഒറ്റപ്പെടുത്തുന്ന സമൂഹത്തിൽ ഈ 50കാരിയുടെ ജീവിതം ഊർജം പകരുന്നതാണ്.

നിറം മങ്ങിയ ലോകത്ത് ജീവിക്കുന്ന ആശാലതയുടെ ജീവിതം ഇപ്പോഴും കളർഫുളാണ്. വെല്ലുവിളികളെ തോൽപ്പിക്കാൻ ആത്മവിശ്വാസമാണ് ആയുധം. കാസർകോട് ജില്ലയിലെ രാവണേശ്വരം സ്വദേശിനിയായ ആശാലത അവിടത്തെ ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യോളജി വിഭാഗം അദ്ധ്യാപികയാണ്. കഴിഞ്ഞ 15 വർഷമായി അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചുവരുന്ന ആശാലത മൂന്ന് ആൺകുട്ടികളുടെ അമ്മ കൂടിയാണ്. കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് ആശാലത കേരളകൗമുദി ഓൺലൈനോട് പങ്കുവച്ചു.

A post shared by ashalatha (@vipassana_by_asha)

പ്രവൃത്തികളായി വരുന്നത് മനസിലുളള കാര്യങ്ങൾ

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാകാൻ ആഗ്രഹിച്ചിരുന്നില്ല. കാഴ്‌ചാപരിമിതിയുളള ഒരു അദ്ധ്യാപിക സോഷ്യൽ ലോകത്തേക്ക് കടന്നുവരുമ്പോൾ ആളുകൾ എങ്ങനെ നോക്കി കാണുമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലധികം സ്വീകാര്യത ലഭിച്ചു.

പണ്ടുമുതൽക്കേ പരിമിതികളിൽ ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കാത്തയാളാണ്. നേരിട്ടറിയാവുന്നവർ ഇതെല്ലാം പ്രചോദനമാണെന്ന് പറയാറുണ്ട്. പല കാര്യങ്ങളും നിരന്തരം ചെയ്തുനോക്കിയതിനുശേഷമേ ചെയ്യാൻ പ​റ്റില്ലെന്ന് ഞാനുറപ്പിച്ച് പറയാറുളളൂ. ഏറെ പരീക്ഷണങ്ങൾ നടത്താറുണ്ട്. അതേകാര്യങ്ങൾ തന്നെയാണ് വീഡിയോകളിലൂടെയും ചെയ്യുന്നുളളൂ. മനസിലുളള കാര്യങ്ങളാണ് പ്രവൃത്തികളായി വരുന്നത്. അതായിരിക്കാം ആളുകൾ എന്നെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന് വിളിക്കുന്നത്.

ഇപ്പോഴും ഭയമാണ്

ഏകദേശം എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ആത്മവിശ്വാസത്തോടെ ചെയ്യുന്ന വ്യക്തിയാണ്. പക്ഷെ ഒറ്റയ്ക്ക് നടക്കുന്ന സമയം വരുമ്പോൾ ഭയക്കാറുണ്ട്. തൊഴിലിടത്ത് സഹപ്രവർത്തകർ ഒറ്റയ്ക്ക് നടക്കാൻ സമ്മതിക്കാറില്ലെന്നും അവരുടെ പിന്തുണ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു.

ഏ​റ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണ് തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെ സ്‌നേഹവും പിന്തുണയും കിട്ടുകയെന്നത്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. കാഴ്ചപരിമിതിയുളള വ്യക്തിയെന്ന നിലയിൽ സ്‌കൂളിൽ നിന്നും യാതൊരു തരത്തിലുളള അവഗണനകളും നേരിട്ടില്ല. പലകാര്യങ്ങളിലും വീട്ടിലുളളവരെക്കാൾ സഹപ്രവർത്തകർ എന്നെ സഹായിക്കാറുണ്ട്. സ്​റ്റിക്കെടുത്ത് ഒ​റ്റയ്ക്ക് നടക്കാൻ ഇപ്പോഴും പ്രയാസമുണ്ട്. ഒ​റ്റയ്ക്ക് നടക്കാൻ അവർ അനുവദിക്കാറില്ല. ചിലപ്പോഴൊക്കെ ഒ​റ്റയ്ക്ക് ക്ലാസിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ കൂടെയുളളവർ വന്ന് കൈപിടിക്കും. വീട്ടിൽ ഈ പ്രശ്നം വലുതായിട്ടില്ലെങ്കിലും ആത്മവിശ്വാസം കുറവാണ്. മ​റ്റുളളവരും എന്നെ അംഗീകരിക്കുന്നുണ്ട്. കാഴ്ചയില്ലാത്ത അദ്ധ്യാപിക എങ്ങനെ പഠിപ്പിക്കുമെന്ന സംശയമൊന്നും ആർക്കുമില്ല.

അച്ഛന്റെ വാക്കുകൾ

അദ്ധ്യാപികയാകാൻ കാരണം അച്ഛന്റെ വാക്കുകൾ മാത്രമാണ്. അന്ന് പ്രീഡിഗ്രി കഴിഞ്ഞപ്പോഴേ ടിടിസിക്ക് പോകണമെന്ന് പറഞ്ഞത് അച്ഛനാണ്. ആദ്യം ഒരു ജോലി പിന്നെ അതുകഴിഞ്ഞ് പഠിക്കാമെന്ന്. നമ്മുടെ നാട്ടിൽ കാഴ്ചപരിമിതിയുളളവർ ചെയ്യുന്ന ജോലി അന്നും ഇന്നും കുറവാണ്. അന്ന് അദ്ധ്യാപന രംഗത്തും എന്നെപ്പോലുളളവർ കുറവാണ്. മ​റ്റുജോലികളൊന്നും ചെയ്യാനുളള അവസരമില്ലല്ലോ. പ്രൈമറി അദ്ധ്യാപികയായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. അതിനുശേഷമാണ് തുടർപഠനം നടത്തി ഹയർസെക്കൻഡറി അദ്ധ്യാപികയായത്.

ഉണ്ണിയേട്ടൻ കൈപിടിച്ചു

താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ഉണ്ണിയേട്ടൻ എന്ന് പലതവണ പറയുന്നത് കേട്ടിട്ടുണ്ട്. ആരാണ് ഉണ്ണിയേട്ടനെന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞ ഉത്തരം വലുതായിരുന്നു. കാഴ്‌ചയില്ലാത്ത ലോകത്ത് ജീവിച്ച തന്റെ കൈപിടിച്ച ഭർത്താവാണ് ഉണ്ണിയേട്ടൻ. അദ്ദേഹത്തോടൊപ്പം എവിടെ വേണമെങ്കിലും ധൈര്യമായി പോകും. ഞാൻ ഒറ്റയ്ക്കാവാതിരിക്കാൻ ഉണ്ണിയേട്ടൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അന്ന് എല്ലാവർക്കും അത്ഭുതമായിരുന്നു. കാഴ്ചയുളളയാൾ കാഴ്ചയില്ലാത്തവരെ കല്യാണം കഴിക്കുന്നത് അപൂർവമായിരുന്നു. എന്റെ കണ്ണാണ് ഉണ്ണിയേട്ടൻ.

പാചക വീഡിയോകൾ ചെയ്യാനുളള പ്രചോദനം

കുട്ടിക്കാലത്ത് ചെറിയ രീതിയിലുളള ജോലികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്ത് തുടങ്ങിയത്. പാചകം ചെയ്യാൻ വീട്ടിലുളളവർ സമ്മതിച്ചിരുന്നില്ല. വിറകടുപ്പായതായിരുന്നു അതിനുകാരണം. വിവാഹം കഴിഞ്ഞതിനുശേഷം പാചകം ചെയ്യുന്നതിനെക്കുറിച്ച് പല ചോദ്യങ്ങളും കേട്ടിരുന്നു. ഉണ്ണിയേട്ടന് അതിനൊന്നിനും പ്രശ്നമില്ലായിരുന്നു. പക്ഷെ കുറച്ചുനാൾ അദ്ദേഹം ഗൾഫിൽ പോയി. ആ സമയങ്ങളിൽ ഞാൻ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനുളള ആഗ്രഹം അദ്ദേഹം പറയുമായിരുന്നു. അത് വല്ലാത്ത നിരാശയുണ്ടാക്കി. ആ നിരാശയാണ് പാചകം ചെയ്യാനുളള എന്റെ ഊർജം. ആദ്യം മണ്ണെണ്ണ സ്​റ്റൗവിലാണ് പാചകം ചെയ്തുതുടങ്ങിയത്. വിറകടുപ്പിൽ പേടിയായിരുന്നു. അച്ചാറുകളും ചമ്മന്തിപ്പൊടിയുമാണ് അദ്യം പാചകം ചെയ്തത്. താൽപര്യമെന്നതിലുപരിയായിട്ട് വെല്ലുവിളിയായിട്ടാണ് പാചകം ഏ​റ്റെടുത്തത്.

ആടുജീവിതം ആസ്വദിച്ചപ്പോൾ

അടുത്തിടെ റിലീസ് ചെയ്ത സിനിമകൾ ആസ്വദിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് ആശാലത പറയുന്നു.

കാഴ്ചയില്ലാത്തവർ സിനിമയ്ക്ക പോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എനിക്ക് സിനിമ അങ്ങനെ ആസ്വദിക്കാൻ സാധിച്ചിട്ടില്ല. പ്രത്യേകിച്ചും ഇപ്പോഴത്തെ സിനിമ. ഓഡിയോ സപ്പോർട്ടുളള സിനിമയുണ്ടായിരുന്നെങ്കിൽ കൊളളാമായിരുന്നു. സിനിമ ജീവിതത്തിൽ നിന്നൊഴിവാക്കാൻ പ​റ്റില്ല. അദ്ധ്യാപനം ഉളളതുകൊണ്ട്. പഴയ സിനിമകൾ ആസ്വദിക്കാൻ സാധിക്കാറുണ്ട്. അതിലൊക്കെ ഓഡിയോ കണ്ടന്റ് കൂടുതലാണ്. ആടുജീവിതം കണ്ടു. പക്ഷെ നോവൽ വായിച്ചതിന്റെ അത്ര സ്വാധീനമുണ്ടായില്ല. ചിലപ്പോൾ കാണാൻ കഴിയാത്തതുകൊണ്ടായിരിക്കും.

ഈ ലോകം ആത്മവിശ്വാസത്തിന്റേതാണ്. നമ്മുടെ കഴിവുകൾ തിരിച്ചറിയേണ്ടത് നമ്മൾ തന്നെയാണെന്നും എങ്കിൽ മാത്രമേ ഈ ലോകത്ത് ജീവിക്കാൻ സാധിക്കുകയുളളൂ. വെല്ലുവിളികളെ സാദ്ധ്യതയായി ഏ​റ്റെടുക്കുകയാണ് ചെയ്യേണ്ടത്. ഒ​റ്റയ്ക്ക് സഞ്ചരിക്കാൻ കഴിയണമെന്നത് വലിയ ആഗ്രഹമാണ്. ഞാനുൾപ്പെടുന്ന എല്ലാവർക്കും സാധിക്കണം.

സോഷ്യൽമീഡിയയിൽ എത്തിയപ്പോൾ

അടുത്തിടെ സോഷ്യൽമീഡിയാ ഇൻഫ്ളുവൻസറായ പെൺകുട്ടി മരിച്ചത് വിഷമകരമായ വാർത്തയാണെന്നും താരം പ്രതികരിച്ചു. പക്വതയോടെ മാത്രമേ സോഷ്യൽ മീഡിയയിൽ ഇടപെഴകാവൂയെന്നും ഇവിടെ എത്തുമ്പോൾ എല്ലാം പ്രതീക്ഷിക്കണം. യഥാർത്ഥ ലോകമല്ല സോഷ്യൽമീഡിയ. ആ തിരിച്ചറിവുണ്ടാകണം.മുകളിലേക്ക് ഉയർത്തിയവർ തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്ന തിരിച്ചറിവുണ്ടായാൽ മതി. സോഷ്യൽമീഡിയ മാനേജ് ചെയ്യുന്നത് മക്കളാണ് ചെയ്യുന്നത്. കമന്റ് വായിക്കുന്നതും മറുപടി നൽകുന്നതും സ്വന്തമായാണ്.

പോസ്റ്റ് ചെയ്യുന്ന ചില വീഡിയോകൾക്ക് മോശം കമന്റുകൾ ലഭിക്കാറുണ്ടെന്നും താരം പറയുന്നു. ഞാൻ തട്ടിപ്പുനടത്തിയാണ് വീഡിയോകൾ ചെയ്യുന്നതെന്നും കാഴ്ചയുണ്ടെന്നും തരത്തിലുളള പ്രതികരണങ്ങൾ ലഭിക്കാറുണ്ട്. നമ്മളെ അറിയാത്തവരാണ് മോശം പ്രതികരണങ്ങൾ നടത്തുന്നത്. അതിൽ ചെറിയ സങ്കടങ്ങൾ ഉണ്ടാകാറുണ്ട്.

കേരളകൗമുദി 'കാഴ്ച'യുടെ സ്ഥിരം ശ്രോതാവ്

കാഴ്ചാപരിമിതിയുളളവർക്ക് വാർത്തകൾ അറിയാൻ സഹായിക്കുന്ന കേരളകൗമുദിയുടെ 'കാഴ്ച 'എന്ന ആപ്ലിക്കേഷന്റെ സ്ഥിരം ശ്രോതാവാണ് താനെന്നും താരം വെളിപ്പെടുത്തി. വാർത്തകൾ എളുപ്പത്തിൽ അറിയാനും സമയം ലാഭിക്കാനും 'കാഴ്ച 'പ്രയോജനകരമാണ്.

Advertisement
Advertisement