ഒരുപറ്റം യുവാക്കളും നാട്ടുകാരും ഒന്നിച്ചപ്പോൾ പിറന്നത് സിനിമയെ വെല്ലുന്ന പുനരാവിഷ്‌കരണം; വീഡിയോ പങ്കുവച്ച് നാദിർഷ

Wednesday 26 June 2024 12:32 PM IST

മലയാളത്തിലെ ത്രില്ലർ ചിത്രമായ ട്രാഫിക്കിന്റെ ക്ലൈമാക്സ് രംഗത്തെ തനിമചോരാത പുനരാവിഷ്‌കരിച്ച മണ്ണാർക്കാട്ടെ ഒരുപറ്റം യുവാക്കളുടെ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 'നിങ്ങൾ പൊളിച്ചു ബ്രദേഴ്സ് ' എന്ന തലക്കെട്ടോടെ സംവിധായകനും നടനുമായ നാദിർഷ തന്റെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തത് യുവാക്കൾക്ക് ഇരട്ടിമധുരമായി. മൂന്നുമിനുട്ട് നീളുന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.


മണ്ണാർക്കാട് കുമരംപുത്തൂർ ചുങ്കം സ്വദേശി മുഹമ്മദ് ഫാസിലാണ് വീഡിയോ സംവിധാനം ചെയ്തത്. ആശുപത്രിയിൽ നിന്നും ഡോക്ടറും സംഘവും കൈമാറുന്ന ഹൃദയവുമായി വാഹനം പായുന്ന ദൃശ്യങ്ങൾക്കൊപ്പം പ്രേക്ഷകരുടെ മനസും കുതിക്കും. സിനിമ കണ്ടതിന്റെ അതേ അനുഭവം നൽകുന്നുവെന്നാണ് സാമൂഹിക മാദ്ധ്യമത്തിലെ കമന്റുകൾ.


ഒന്നര ദിവസമെടുത്താണ് സുജിൻ മുണ്ടക്കണ്ണി ഐഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഫാസിൽ തന്നെയാണ് എഡിറ്റിംഗും നടത്തിയത്. വാഹനത്തിന് പിറകെ ഓടുന്നതിനിടെ ചെറിയ പരിക്കുകളും ഫാസിലിന് പറ്റിയിരുന്നു. ഫാസിലിനെ കൂടാതെ രാജീവ് പള്ളിക്കുറുപ്പ്, നന്ദു, ബഷീർ, മുരളി, സുനീർ, ഷജിൽ ഷാൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഷബീർ, ദിൽഷാദ്, സജീവ്, അഭിലാഷ്, ഗോകുൽ, ഫാസിൽ എന്നീ സുഹൃത്തുക്കളും നാട്ടുകാരും പിന്തുണ നൽകി.

മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റ്, കുമരംപുത്തൂർ ചുങ്കം പ്രദേശം, വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി, ക്ലിനിക്ക് എന്നിവിടങ്ങളിലായാണ് വീഡിയോ ചിത്രീകരിച്ചത്. നാദിർഷായുടെ ഫെയ്സ്ബുക്ക് പേജിലും ഫാസിലിന്റെ ഇൻസ്റ്റഗ്രാമിലും വീഡിയോ കാണാം. കൈതി, 2018 തുടങ്ങിയ ചിത്രങ്ങളിലെ രംഗവും ഫാസിൽ മുൻപ് പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

Advertisement
Advertisement