മുൻ ഭർത്താവ് നഗ്ന ചിത്രം പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തു

Wednesday 26 June 2024 1:50 PM IST

തിരുവനന്തപുരം: മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്നുദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.

യുവതിയുടെ നഗ്നചിത്രം പകർത്തി മൊബെെലിൽ സുഹൃത്തിന് അയച്ചുകൊടുത്തുവെന്നും തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. മകൾക്കെതിരെ ലെെംഗിക അതിക്രം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്.

കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച ശേഷം യുവതി മകളുമൊത്ത് മണികണ്‌ഠോശ്വരത്താണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.