ശതാബ്ദി ആഘോഷ നിറവിൽ സെന്റ് തെരേസാസ് കോളേജ്  സെപ്തംബറിൽ രാഷ്ട്രപതി എത്തും

Thursday 27 June 2024 12:03 AM IST

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സെപ്തംബറിൽ രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കുമെന്ന് കോളേജ് പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ ഡോ. സിസ്റ്റർ വിനീത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബംഗളൂരു ബിഷപ്പ് ഫാ. പീറ്റർ മച്ചാഡോ ഇന്ന് അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമാകും. ശതാബ്ദി ബ്ലോക്കിന്റെ ഉദ്ഘാടനവും തുഷാരം പദ്ധതിയുടെ ഭാഗമായി 100 ക്യാൻസർ രോഗികൾക്കുള്ള മരുന്ന് വിതരണവും ഇന്ന് നടക്കും. അടുത്തമാസം തെരേസ്യൻ ഇന്നൊവേഷൻ സമ്മിറ്റ് സംഘടിപ്പിക്കും.

സ്വാശ്രയ കോഴ്സുകൾക്കുവേണ്ടി ടി.ഡി റോഡിൽ പുതുതായി നിർമ്മിക്കുന്ന സെന്റിനറി ബ്ലോക്കിന്റെ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. 100വർഷം പൂർത്തിയാക്കുന്ന സെന്റ് തെരേസാസ് കോളേജിന്റെ ചരിത്രം ഉൾക്കൊള്ളിച്ചുള്ള ഗ്രന്ഥവും സെപ്തംബറിൽ പ്രസിദ്ധീകരിക്കും.

ചീഫ് അഡ്മിനിസ്‌ട്രേറ്റർ സജിമോൾ കുറുപ്പ്, പ്രിൻസിപ്പൽ അൽഫോൺസ വിജയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സുജിത എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 ശതാബ്ദിവർഷത്തെ പ്രധാന പദ്ധതികൾ

വല്ലാർപാടത്ത് മുതിർന്ന പൗരന്മാർക്കായി കാരുണ്യ നികേതൻ

പാലിയേറ്റിവ് രോഗികൾക്കായി തുഷാരം സംരംഭകത്വ പരിപാടിയായ റ്റിബിക് ഇൻകുബേഷൻ സെന്റർ

തെരേസ്യൻ സ്‌കിൽ ഹബ്

പൂർവവിദ്യാർത്ഥികളുടെ 18 ആലുംനി ചാപ്റ്ററുകൾ

 ആഘോഷ പരിപാടികൾ

ആഗസ്റ്റ് 10ന് പൂർവവിദ്യാർത്ഥികളുടെ ആഗോള സമ്മേളനം

 12 മുതൽ 14 വരെ രാജ്യാന്തര നൃത്തോത്സവം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ നൂറ് വിമുക്തഭടന്മാരെ ആദരിക്കൽ

സെപ്തംബർ 8ന് തെരേസ്യൻ ശതാബ്ദി കൂട്ടയോട്ടം

 ഒക്ടോബറിൽ യൂത്ത് സമ്മിറ്റ്, ദേശീയ സാംസ്‌കാരികോത്സവം

ഡിസംബർ ആദ്യവാരം തെരേസ്യൻ കോൺക്ലേവ്

ജനുവരി 11 ന് 'ബ്ലാക് സ്വാൻ ' നൃത്തനാടകം

 ഫെബ്രുവരി ആദ്യവാരം ഗ്ലോബൽ എക്‌സ്‌പോ, ഫാഷൻ വീക്ക്

Advertisement
Advertisement