ബെര്‍ത്ത് തകര്‍ന്നതല്ല, അലി ഖാന്‍ മരിച്ചതിനുള്ള കാരണം മറ്റൊന്ന്; വിശദീകരിച്ച് റെയില്‍വേ

Wednesday 26 June 2024 7:08 PM IST

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ മിഡില്‍ ബെര്‍ത്ത് പൊട്ടി വീണ് മലയാളി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. പൊന്നാനി മാറഞ്ചേരി സ്വദേശി അലി ഖാന്‍ (62) ആണ് മരിച്ചത്. ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ലോവര്‍ ബെര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്നു അലി ഖാന്‍ മിഡില്‍ ബെര്‍ത്ത് പൊട്ടി വീണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെയാണ് അലി മരിച്ചത്, മൃതദേഹം നാട്ടിലെത്തിച്ചു.

അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍ത്തില്‍ കിടക്കുകയായിരുരുന്നു. മിഡില്‍ ബെര്‍ത്ത് പൊട്ടി കഴുത്തില്‍ വന്നിടിച്ച് മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിനു ക്ഷതം വരികയുമായിരുന്നു. തുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നു പോയി. റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്‌സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

അലി ഖാന്റെ മരണത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റെയില്‍വേ ഇപ്പോള്‍. ബെര്‍ത്ത് തകര്‍ന്ന് വീണതല്ലെന്നും മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ ചങ്ങല ശരിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് റെയില്‍വേ പറയുന്നത്. എറണാകുളം - എച്ച് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 12645) എസ് 6 കോച്ചിലാണ് അപകടം സംഭവിച്ചത്. ഈ കമ്പാര്‍ട്‌മെന്റിലെ 57ാം നമ്പര്‍ സീറ്റ് (ലോവര്‍ ബെര്‍ത്ത്) ആയിരുന്നു അലിയുടേത്.

Advertisement
Advertisement