ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഇൻസ്ട്രക്ടർമാർ നിർബന്ധമല്ല, സി.ഐ.ടി.യു സമരം പിൻവലിച്ചു

Thursday 27 June 2024 4:10 AM IST

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിന് പഠിതാക്കളെ ഇൻസ്ട്രക്ടർമാർ തന്നെ ടെസ്റ്റ് ഗ്രൗണ്ടിലെത്തിക്കണമെന്ന നിബന്ധന പിൻവലിച്ച് മോട്ടോർ വാഹനവകുപ്പ്. എന്നാൽ, ഇൻസ്ട്രക്ടർമാർ ഡ്രൈവിംഗ് സ്‌കൂളിലുണ്ടാകണം. ഇത് ഉറപ്പുവരുത്താൻ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ പരിശോധന നടത്തും. മന്ത്രി കെ.ബി.ഗണേശ്‌ കുമാറുമായി സി.ഐ.ടി.യു നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ 15 ദിവസമായി തുടരുന്ന സമരം പിൻവലിച്ചു.

അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരുടെ കുറവ് കണക്കിലെടുത്ത് അഞ്ച് വർഷത്തിൽ കൂടുതൽ പരിശീലന പരിചയമുള്ള ഡ്രൈവിംഗ് സകൂളുകളിലെ ജീവനക്കാർക്ക് പ്രത്യേക ടെസ്റ്റ് നടത്തി ഇൻസ്ട്രക്ടർമാരായി പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. ഈ പരിശീലനത്തിനുള്ള ഫീസ് 3000 രൂപയായിരുന്നത് മൂന്നുമാസം മുൻപ് 37,500 ആയി വർദ്ധിപ്പിച്ചു. ഇത് 10,000 രൂപയിൽ താഴെയായി നിജപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.

കെട്ടിക്കിടക്കുന്നത്

2.5 ലക്ഷം അപേക്ഷ

കെട്ടിക്കിടക്കുന്നത് ഡ്രൈവിംഗ് ടെസ്റ്രിനുള്ള 2.5 ലക്ഷം അപേക്ഷകൾ. 3000ത്തിൽ കൂടുതൽ അപേക്ഷകളുള്ള ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഒരു യൂണിറ്റ്

കൂടി അനുവദിച്ച് തീർപ്പാക്കും. ഒരു എം.വി.ഐ, രണ്ട് അസി.എം.വി.ഐമാർ ഉൾപ്പെടുന്നതാണ് ഒരു യൂണിറ്റ്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി.

Advertisement
Advertisement