പൊലീസ് പെരുമാറ്റം  മോശമായാൽ കടുത്ത  നടപടിവേണം: ഹൈക്കോടതി

Thursday 27 June 2024 1:04 AM IST

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ ശക്തമായ നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കോളനി വാഴ്ചയിലെ ശൈലി അനുവദിക്കാനാവില്ലെന്നും ഭരണഘടനയുടെ ഉന്നതമൂല്യങ്ങൾ സംരക്ഷിക്കണമെന്നും കോടതിയിൽ ഓൺലൈനായി ഹാജരായ ഡി.ജി.പി ഷെയ്‌ക്ക് ദർവേഷ് സാഹിബിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നി‌ർദ്ദേശിച്ചു. ആലത്തൂരിൽ സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ്.ഐ തട്ടിക്കയറിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണിത്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സേനയുടെ സൽപ്പേര് നഷ്ടമാകുന്ന സ്ഥിതിയാണ്. സർക്കുലറുകൾ ഇറക്കിയതുകൊണ്ടുമാത്രം കാര്യമില്ല. കടുത്ത നടപടി വേണം. പെട്ടെന്നുള്ള പ്രകോപനമെന്നാണ് ആരോപണവിധേയരായ പൊലീസുകാർ പറയുന്നത്. ഇവർ സൈനികരെ മാതൃകയാക്കി സംയമനം പഠിക്കണമെന്ന് കോടതി വാക്കാൽ പരാമർശിച്ചു. വിഷയം മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

കർശന നടപടി: ഡി.ജി.പി

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിശോധിച്ച് ക‌ർശന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഡി.ജി.പി അറിയിച്ചു. പിരിച്ചുവിടുന്നതടക്കമുള്ള നടപടികളുണ്ടായി. ആലത്തൂർ സംഭവത്തിൽ സ്ഥലംമാറ്റിയ എസ്.ഐ. റെനീഷിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അറിയിച്ചു. റെനീഷിനെതിരേ ഗൗരവമുള്ള നടപടിയുണ്ടായില്ലെന്ന് അഭിഭാഷക അസോസിയേഷൻ വാദിച്ചു. ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് മറ്റ് രണ്ട് പരാതികളുണ്ടെന്നും അറിയിച്ചു. ഈ വിവരങ്ങൾ രേഖാമൂലം നൽകാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കോടതി മേൽനോട്ടമുണ്ടാകുമെന്നും വ്യക്തമാക്കി. പൊലീസിന്റെ മികവും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ തലപ്പത്തുള്ളവരുമായി നിരന്തരം ആശയവിനിമയമുണ്ടാകുമെന്ന് കോടതി ആവർത്തിച്ചു.

Advertisement
Advertisement